Top Stories

കെ ഫോണ്‍ ഡിസംബറില്‍; സൗജന്യ വൈഫൈ എല്ലാ പൊതു ഇടങ്ങളിലും

തിരുവനന്തപുരം : സംസ്ഥാനത്ത് കെ ഫോണ്‍ ഡിസംബറില്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ 1500 കോടിയുടെ പദ്ധതിയ്ക്കാണ് തുടക്കമിട്ടത്.  പൗരന്മാര്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യ വൈഫൈ എല്ലാ പൊതു ഇടങ്ങളിലും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇത് രാജ്യത്തിനാകെ മാതൃകയായി തീര്‍ന്ന ഇടപെടലാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റമാണുളള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ്പ് സമുച്ചയവും കൊച്ചിയില്‍ ആരംഭിച്ചു. അവിടെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ഫാര്‍ ലാബ് ലോകോത്തര നിലവാരമുള്ളതാണ്. ഐടി മേഖലയിലെ ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സംസ്ഥാനമാണ്. നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 1900 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം 2018ല്‍ കേന്ദ്രം തയ്യാറാക്കിയ സ്‌റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് റാങ്കില്‍ ടോപ്പ് പെര്‍ഫോര്‍മറായി തിരഞ്ഞെടുത്തത് കേരളത്തെയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ 2016ല്‍ ഉണ്ടായിരുന്നത് 300 എണ്ണമാണ്. ഇപ്പോഴുള്ളത് 2200 ആയി.

വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 1600ലധികം സ്റ്റാര്‍ട്ടപ്പുകള്‍, രണ്ട് ലക്ഷത്തിലധികം ഇന്‍കുബേഷന്‍ സ്‌പെയ്‌സുകള്‍ ഇന്ന് കേരളത്തിലുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപം രണ്ട് കോടി ഇരുപത് ലക്ഷത്തില്‍നിന്നു 875 കോടിയായി വര്‍ധിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

കോയമ്ബത്തൂര്‍ – കൊച്ചി വ്യാവസായിക ഇടനാഴി വ്യാവസായിക രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കും. മസാല ബോണ്ട് വഴി 2150 കോടി സമാഹരിച്ചു. നാലിടങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും. എല്‍എന്‍ജി ടെര്‍മിനലില്‍നിന്ന് ഗാര്‍ഹികാവശ്യത്തിനു ഗ്യാസ് വിതരണം ചെയ്യും. ലോക്ഡൗണ്‍ തീരുന്ന മുറയ്ക്ക് കൊച്ചി മെട്രോ തൈക്കൂടം – പേട്ട അവസാന റീച്ച്‌ നാടിനു സമര്‍പ്പിക്കും. ഗെയ്ല്‍ പൈപ്പ് ലൈന്‍ 445 കിലോമീറ്റര്‍ നീളത്തില്‍ കൊച്ചി – മംഗലാപുരം ലൈന്‍ പൂര്‍ത്തിയായി. ചന്ദ്രഗിരി പുഴക്ക് കുറുകെ മാത്രമെ പൈപ്പ് ഇടാനുള്ളു. അത് പൂര്‍ത്തിയായാല്‍ ജൂണ്‍ പകുതിയോടെ കമ്മീഷന്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button