കർശന സുരക്ഷയ്ക്കിടയിൽ നാളെമുതൽ പത്താംക്ലാസ് പ്ലസ്ടു പരീക്ഷകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകൾ നാളെമുതൽ പുനരാരംഭിയ്‌ക്കും. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. 2945 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വി.എച്ച്. എസ്.സിക്കും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചാകും പരീക്ഷ നടത്തുക.
മാസ്ക്,സാനിറ്റൈസര്‍, തെർമൽ സ്കാനിംഗ് ഉള്‍പ്പടെയുളള സുരക്ഷ മുൻകരുതൽ എടുത്തതിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക. തെര്‍മല്‍ സ്കാനിംഗ് നടത്തി പനി പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തി പരീക്ഷ എഴുതിയ്ക്കും. കൂടാതെ ആരോഗ്യവകുപ്പിന്‍റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകും.
പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണം. വിദ്യാര്‍ത്ഥികള്‍ തങ്ങൾ ഉപയോഗിയ്ക്കുന്ന പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.