Top Stories

തുടരെതുടരെ തടസങ്ങള്‍ ഉണ്ടായപ്പോഴും സംസ്ഥാനത്തെ വികസനരംഗം തളര്‍ന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോൾ നാലുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷമില്ലാതെയാണെന്ന് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങും കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ആഘോഷിക്കാനുള്ള സന്ദര്‍ഭമല്ല.

തുടരെതുടരെ തടസങ്ങള്‍ ഉണ്ടായപ്പോഴും സംസ്ഥാനത്തെ വികസനരംഗം തളര്‍ന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. 2017ല്‍ ആഞ്ഞടിച്ച ഓഖി ദുരന്തത്തെയും 2018ലെ നിപ്പാ ദുരന്തത്തെയും അതിജീവിക്കാന്‍ നമുക്കായി. എന്നാല്‍ 2018 ഓഗസ്റ്റിലെ പ്രളയം എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ചു. വികസനപ്രതീക്ഷക്കും കുതിച്ചുചാട്ടത്തിനും വിഘാതം സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാം അതിജീവിക്കുക എന്നത് പ്രയാസമേറിയതാണ്. ഇതിനെയെല്ലാം തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു. പ്രളയത്തെ അതിജീവിക്കാന്‍ ലോകത്താകെയുളള കേരളീയ സമൂഹം ഒറ്റക്കെട്ടായിസഹായിച്ചു. ഇതിനെ അതീജീവിക്കാന്‍ ഒത്തുചേര്‍ന്ന് ശ്രമിക്കുന്നതിനിടെയാണ് വീണ്ടും പ്രളയം ഉണ്ടായത്. നാലുവര്‍ഷവും വികസനലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള ശ്രമത്തോടൊപ്പം ദുരന്തനിവാരണ ചുമതലയും ഏറ്റെടുക്കേണ്ടി വന്നു. പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ ലക്ഷ്യങ്ങളില്‍ നിന്ന് തെന്നിമാറിയില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് അതിജീവനത്തിന്റെ ശക്തിസ്രോതസായി മാറിയത്.

പ്രളയം ഉണ്ടാക്കിയ ദുരന്തം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് കോവിഡ് 19 ന്റെ രംഗപ്രവേശം. ഇതിനെയെല്ലാം അതിജീവിക്കുക പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ ഈ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്തമേഖലകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷനിലുടെ 1,19,154 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. ഈ വര്‍ഷം കൊണ്ട് ഭുമിയും വിടുമില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍കും. മത്സ്യതൊഴിലാളികള്‍ക്ക് പ്രാണഭയമില്ലാതെ ജീവിക്കാന്‍ പുനര്‍ഗേഹം പദ്ധതി നടപ്പാക്കി. ഈ വര്‍ഷം 35,000 പട്ടയം നല്‍കും. ഒഴുക്ക് നിലച്ച പുഴകളെ 390 പുനരുജ്ജീവിപ്പിച്ചു. കിണറുകള്‍, കുളങ്ങള്‍ തോടുകള്‍ ജലാശയങ്ങള്‍ ഇതെല്ലാം ശുദ്ധീകരിക്കാന്‍ കഴിഞ്ഞു. 546 പുതിയ പച്ചത്തുരത്തുകള്‍ സൃഷ്ടിച്ചു.പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ചര്യയാക്കി മാറ്റാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19നെ പ്രതിരോധിക്കാന്‍ കരുത്ത് നല്‍കിയ ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആര്‍ദ്രം മിഷന്‍. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെ ആര്‍ദ്രംമിഷന്‍ നടപ്പാക്കിയതിലൂടെ ഉന്നതമായ നിലവാരം നിലനിര്‍ത്താനായി. എണ്ണമറ്റനിരവധി ഇടപെടലുകള്‍ നടത്തുമ്ബോഴും കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ സഹായം ലഭ്യമാകില്ലെന്നത് ഗുരതുര അവസ്ഥയാണ്. അതിനെ മറികടക്കാന്‍ തനതായ വഴി കണ്ടെത്തുകയേ മാര്‍ഗമുളളു. പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ചതായും പിണറായി പറഞ്ഞു.

വനിതകള്‍ക്കായി ഷീ ലോഡ്ജുകള്‍ സ്ഥാപിച്ചു ഫയര്‍ഫോഴ്‌സില്‍ ആദ്യമായി 100 ഫയര്‍ വുമണുകളെ നിയമിച്ചു. പൊലീസില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തും. 14,000 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, 40,000 ക്ലാസ് മുറികള്‍ ഹൈടെക് എന്നിവ നടപ്പാക്കി. കുടുംബശ്രീക്ക് റെക്കോര്‍ഡ് വളര്‍ച്ചയാണ് ഉണ്ടായത്. വോട്ട് നേടാനുള്ള അഭ്യാസം മാത്രമാണ് പലര്‍ക്കും പ്രകടനപത്രിക.

അതിഥി തൊഴിലാളികള്‍ക്ക് ‘അപ്കാ ഖര്‍’ പദ്ധതിപ്രകാരം വീടുകള്‍ നിര്‍മിച്ചുനല്‍കി. എല്ലാ മേഖലയിലും മിനിമം വേതനം ഉറപ്പാക്കി. അസംഘടിത, സ്വകാര്യ മേഖലകളില്‍ വേതന സുരക്ഷ ഉറപ്പാക്കി. നാലാം വര്‍ഷത്തെ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്കായി 5 ലക്ഷം പട്ടയം നല്‍കാന്‍ ലക്ഷ്യമിട്ടു. അതില്‍ 1,43,000 പട്ടയം നല്‍കി. കേരള ബാങ്ക് രൂപീകരണമാണ് ഈ സര്‍ക്കാരിന്റെ വലിയ സംഭാവനയെന്നും ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലര്‍ക്ക് തിരഞ്ഞെടുപ്പ് രംഗത്ത് ജനങ്ങളുടെ മുന്നില്‍ വാഗ്ദാനങ്ങള്‍ ചെയ്ത് താല്കാലികമായി കബളിപ്പിച്ച്‌ വോട്ട് നേടാനുള്ള അഭ്യാസം മാത്രമാണ്. അതുകൊണ്ടാണ് ചിലര്‍ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്ന് തുറന്നു പറയുന്ന അവസ്ഥയുണ്ടായത്. എല്‍ഡിഎഫ് സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കുന്നതാണ് എന്നതാണ് സര്‍ക്കാര്‍ നയം. അതുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാവര്‍ഷവും ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച്‌ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button