പാലക്കാട് 10 മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പെടെ 5 പേർക്ക് ഇന്ന് കോവിഡ്
പാലക്കാട് : ജില്ലയിൽ 10 മാസം പ്രായമുള്ള ആൺകുഞ്ഞിന് ഉൾപ്പെടെ അഞ്ച് പേർക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 20ന് സലാലയിൽ നിന്നും വന്ന കാരാകുറുശ്ശിയിലുള്ള 10 മാസം പ്രായമുള്ള കുഞ്ഞ് ,അമ്മയ്ക്കും നാലരവയസുള്ള സഹോദരിക്കും ഒപ്പമാണ് നാട്ടിലെത്തിയത്.
മെയ് 17 ന് ചെന്നൈയിൽ നിന്നും എത്തിയ ചെർപ്പുളശ്ശേരി സ്വദേശി (58, പുരുഷൻ), മെയ് 15ന് ചെന്നൈയിൽ നിന്നും എത്തിയ മണ്ണാർക്കാട്-2 വില്ലേജ് സ്വദേശി (52, പുരുഷൻ), മെയ് 18ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ഒറ്റപ്പാലം, വരോട് സ്വദേശി (44, പുരുഷൻ), മെയ് 11ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ആലത്തൂർ തോണിപാടം സ്വദേശി (50, പുരുഷൻ) എന്നിവരാണ് രോഗം ബാധിച്ച മറ്റുള്ളവർ.
ചെർപ്പുളശ്ശേരി, വരോട് സ്വദേശികളുടെ സാമ്പിൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. മണ്ണാർക്കാട്, കാരക്കുറിശ്ശി സ്വദേശികളുടെ സാമ്പിൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും തോണിപ്പാടം സ്വദേശിയുടെത് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. തോണിപാടം സ്വദേശിയുടെ സാമ്പിൾ മെയ് 23 നും മറ്റുള്ളവരുടെ മെയ് 22നുമാണ് പരിശോധനക്ക് എടുത്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച കുഞ്ഞിൻ്റെ അമ്മയും സഹോദരിയും നിരീക്ഷണത്തിലാണ്.
ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 53 പേരായി. ഇതിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ഉൾപ്പെടുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂർ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്. ഒരു മങ്കര സ്വദേശി നിലവിൽ എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
സംസ്ഥാനത്ത് ആകെ 49 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്ത് നിന്ന് 18 പേരും 25 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.