News

സിനിമാസെറ്റ് പൊളിച്ച സംഭവം:ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് പിന്നിലെന്ന് ബിജെപി

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നൽ മുരളിക്കുവേണ്ടി കാലടി മണപ്പുറത്ത് നിർമിച്ച പള്ളിയുടെ സെറ്റ് പൊളിച്ചു നീക്കിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് അക്രമത്തിനു പിന്നിലെന്നും ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ലെന്നും ബിജെപി വക്താവ് സന്ദീപ് വാരിയർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

‘ലോക്ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരേ ശക്തമായ നടപടി ഉണ്ടാവണം. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാൽ എടുത്തു മാറ്റുന്ന ഒരു താൽക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിനു പിന്നിൽ. ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാൻ ആഗ്രഹമുള്ളവർ വർഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ? താൽക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമാ സെറ്റ് തകർത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്’. സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

കാലടി മഹാദേവ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുടെ അനുവാദം വാങ്ങിയാണ് ക്ലൈമാക്സ്‌ ചിത്രീകരണത്തിനായി 80 ലക്ഷത്തോളം രൂപാ മുടക്കി സെറ്റ് പണിതത്. ലോക്ക്ഡൌൺ കാരണം ഷൂട്ടിംഗ്‌ നിർത്തിവച്ചിരിയ്ക്കുകയായിരുന്നു. ലോക്ക്ഡൗണിന് ശേഷം ഷൂട്ടിംഗ്‌ പുനരാരംഭിയ്ക്കാനിരിക്കെയാണ് സെറ്റ് തകർത്ത നടപടി. 

എഎച്ച്പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകർത്ത കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button