24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6977 കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളിൽ ഇന്നും റെക്കോഡ് വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6977 കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയർന്നു. നാലാംഘട്ട ലോക്ക്ഡൌൺ തുടങ്ങിയതിനു ശേഷം രാജ്യത്ത് ഓരോദിവസവും കോവിഡ് കേസുകളിൽ റെക്കോഡ് വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി 6000ത്തിൽ അധികം ആളുകളാണ് രാജ്യത്ത് കോവിഡ് പോസിറ്റീവ് ആകുന്നത്.
24 മണിയ്ക്കൂറിനുള്ളിൽ 154 പേർ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 4021 ആയി. നിലവിൽ 77,103 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി.
ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്ത് 43 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങൾ കൊണ്ട് പുതിയ കേസുകൾ പതിനായിരത്തിന് മുകളിലെത്തി. വരും ദിവസങ്ങളിൽ രാജ്യം കോവിഡ് കേസുകളുടെ വൻ വർദ്ധനവ് നേരിടേണ്ടി വരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. 24 മണിക്കൂറിനുള്ളിൽ 3041 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. ആകെ പോസിറ്റീവ് കേസുകൾ 50231 ആയി. ഇന്നലെ മാത്രം 58 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1635 ആയി. 14600 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 16,227 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 765 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 111 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 8 മരണമാണ് റിപ്പോർട്ട് ചെയ്യ്തത്. 833 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിലും പോസിറ്റീവ് കേസുകളിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിയ്ക്കയാണ്. 392 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 14056 ആയി. 29 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 858 ആയി. 6412 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് നാലാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 508 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 13418 ആയി. ആകെ 261പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 30 പേരാണ് മരിച്ചത്. 6540 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.