വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് സുപ്രീംകോടതി
ഡൽഹി : വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പുനരാരംഭിച്ച വിമാനസര്‍വ്വീസുകളിൽ വിമാനത്തിലെ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടാത്തതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. മറ്റെല്ലാ സ്ഥലങ്ങളിലും ആവാമെങ്കില്‍ വിമാനത്തില്‍ എന്തുകൊണ്ട് സാമൂഹിക അകലം പാലിച്ചു കൂടാ എന്ന് കോടതി ചോദിച്ചു.
വിദേശത്ത് നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചിടണമെന്നുള്ള മുംബൈ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ടിക്കറ്റുകള്‍ വിതരണം ചെയ്ത സാഹചര്യത്തില്‍ പത്ത് ദിവസത്തേക്ക് മുംബൈ ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ല. എന്നാല്‍ അതിനു ശേഷം വിമാനയാത്രകളില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിട്ടേ മതിയാവൂ എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിമാനത്തിനുള്ളില്‍ മാസ്കിന് പുറമെ ഫേസ് ഷീല്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവ വിമാന കമ്പനികള്‍ വിതരണം ചെയ്യും.