രാജ്യത്ത് കോവിഡ് ബാധിതർ ഒന്നരലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 6387 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ 1,51,767 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഒരു ദിവസത്തിനിടെ 170 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4337 ആയി.
രാജ്യത്ത് നിലവിൽ 83,004 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 64,425 പേർ രോഗമുക്തി നേടി. രാജ്യത്തെ മൂന്നിലൊന്ന് രോഗബാധിതരും മഹാരാഷ്ട്രയിലാണ്. ലോകത്തെ കൊറോണ ബാധിതരുടെ എണ്ണത്തിൽ പത്താം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. യുഎസ്, ബ്രസീൽ, റഷ്യ, സ്പെയിൻ, യു.കെ, ഇറ്റലി, ഫ്രാൻസ്, ജർമനി, തുർക്കി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 54758 ആയി. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. 24 മണിക്കൂറിനുള്ളിൽ 2091 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. ഇന്നലെ മാത്രം 97 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1792 ആയി. 16954 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 17728 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 646 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 127 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 9 മരണമാണ് റിപ്പോർട്ട് ചെയ്യ്തത്. 9342 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിലും പോസിറ്റീവ് കേസുകളിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിയ്ക്കയാണ്.361 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 14821 ആയി. 27 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 915 ആയി. 7139 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് നാലാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 412 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 14465 ആയി. ആകെ 288 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 12 പേരാണ് മരിച്ചത്. 7223 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.