Top Stories

അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദം: ശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത

തിരുവനന്തപുരം : അറബിക്കടലിൽ മെയ്‌ 29 നും മെയ്‌ 31 നും രണ്ട് ന്യൂനമർദ്ദം  രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത്
മൂലം കടൽ പ്രക്ഷുബ്ധമാകാനും തീരദേശങ്ങളിൽ കടലാക്രമണത്തിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.  ന്യൂനമർദ്ദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മേയ് 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചു.

നിലവിൽ ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുക്കൊണ്ടിരിക്കുന്നവർ മേയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ന്യൂനമർദ്ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ കണ്ടത്തി കോവിഡ് മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിവെക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാൽ വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ന്യൂനമർദം സ്വാധീനത്താൽ മഴ ലഭിക്കുന്ന ഘട്ടത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട്. അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button