ഡോ.ബിശ്വാസ് മേത്ത സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്തയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം 31 ന് നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത. ഇപ്പോൾ സംസ്ഥാനത്തുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാൻ സ്വദേശിയായ ബിശ്വാസ് മേത്ത. 1986 ബാച്ചുകാരനായ ബിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സർവീസുണ്ട്.
തിരുവനന്തപുരം ജില്ലാ കളക്ടറായ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവ ജ്യോത് സിംഗ് ഖാസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. ആലപ്പുഴ കളക്ടർ അഞ്ജനയെ കോട്ടയം കലക്ടറായി നിയമിച്ചു. ടി.കെ ജോസ് പുതിയ ആഭ്യന്തര സെക്രട്ടറിയാകും. ഡോ.വി.വേണുവിനെ റവന്യു സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. വേണു ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയാകും. പുതിയ റവന്യു സെക്രട്ടറിയായി ജയതിലകിനെ നിയമിയ്ക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു.