വന്ദേഭാരത് ദൗത്യം: ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് 9 വിമാനങ്ങൾ
ദുബായ് : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഒമ്പതു വിമാനങ്ങളിലായി ആയിരത്തിഅറുന്നൂറിലേറെ പ്രവാസികൾകൂടി ഇന്ന് കേരളത്തിലെത്തും.
ദുബായ്-കൊച്ചി ഐ.എക്സ്. 1434 പ്രാദേശികസമയം രാവിലെ 11.50-ന് പുറപ്പെടും. ഉച്ചയ്ക്ക് 12.50-ന് ദുബായ്-കണ്ണൂർ ഐ.എക്സ്. 1746, 3.20-ന് ദുബായ്-കോഴിക്കോട് ഐ.എക്സ്. 1344, വൈകീട്ട് 5.20-ന് ദുബായ്-തിരുവനന്തപുരം ഐ.എക്സ്. 1540, ഉച്ചയ്ക്ക് 1.50-ന് അബുദാബി-കൊച്ചി ഐ.എക്സ്. 1452 വിമാനവും യാത്രതിരിക്കും.
കുവൈത്ത്,മസ്കറ്റ്,ബഹ്റൈൻ, സലാല എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് വിമാനസർവീസുണ്ട്. കുവൈത്ത്-തിരുവനന്തപുരം ഐ.എക്സ്. 1596 പ്രാദേശികസമയം രാവിലെ 11.20-നും മസ്കറ്റ്-കോഴിക്കോട് ഐ.എക്സ്. 1350 രണ്ടുമണിക്കും ബഹ്റൈൻ-കൊച്ചി ഐ.എക്സ്. 1474 ഉച്ചയ്ക്ക് 2.10-നും സലാല-കണ്ണൂർ ഐ.എക്സ്. 1342 ഉച്ചകഴിഞ്ഞ് 3.10-നും തിരിക്കും. ദുബായ്-ഹൈദരാബാദ്-മുംബൈ റൂട്ടിലും വ്യാഴാഴ്ച സർവീസുണ്ട്. എയർഇന്ത്യ എക്സ്പ്രസ് ഐ.എക്സ്. 1248 ഉച്ചയ്ക്ക് 1.50-ന് ദുബായിൽനിന്ന് ഹൈദരാബാദിലേക്ക് തിരിക്കും.
ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കോവിഡ്-19 റാപ്പിഡ് ടെസ്റ്റും തെർമൽ സ്കാനിങും ഉണ്ടായിരിക്കും. യാത്രക്കാർ നാലുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിയിരിക്കണം. 27 ആഴ്ചയോ അതിൽക്കൂടുതലോ ആയ ഗർഭിണികൾ 72 മണിക്കൂർവരെ സാധുതയുള്ള ഫിറ്റ് ടു ഫ്ളൈ സർട്ടിഫിക്കറ്റ് കരുതണം.