Top Stories
സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1088 ആയി വർധിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും രോഗംപിടിപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇന്ന് 3 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടെ പരിശോധന ഫലമാണ് വ്യാഴാഴ്ച നെഗറ്റീവായത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേർ വിദേശത്തുനിന്നു വന്നവർ. 48 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് (മഹാരാഷ്ട്ര 31, തമിഴ്നാട് 9, കർണാടക 3, ഗുജറാത്ത് 2, ഡൽഹി 2, ആന്ധ്ര 1). ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. തെലങ്കാന സ്വദേശിയായ അഞ്ജയ് ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പേകേണ്ട അദ്ദേഹവും കുടുംബവും മേയ് 22ന് രാജസ്ഥാനിൽ നിന്നുള്ള തീവണ്ടിയിൽ തെറ്റി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
526 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ തുടരുകയാണ്. 115297 പേർ നിരീക്ഷണത്തിലുണ്ട്. 114305 പേർ വീടുകളിലും 992 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 9937 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 9217 എണ്ണം നെഗറ്റീവായി. ഇന്ന് പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസർകോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകൾ, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 82 ആയി ഉയർന്നു.
ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ്, 105 പേർ. കണ്ണൂരിൽ 93 പേരും കാസർകോട് 63 പേരും മലപ്പുറത്ത് 52 പേരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.