കെ ഫോൺ ഡിസംബറിൽ; ഇന്ത്യയിൽ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഘല
തിരുവനന്തപുരം : കെ ഫോൺ പദ്ധതി ഈ വർഷം ഡിസംബറിൽ തന്നെ പൂർത്തിയാകുമെന്ന് കൺസോഷ്യം ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഘലയായിരിക്കും കെ ഫോൺ. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെഫോൺ നടപ്പാക്കുന്നത്. കെഎസ്ഇബിയുടെ ലൈനുകളിലൂടെയാണ് ഒപ്ടിക്കൽ ഫൈബർ കേബിൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
1500 കോടിരൂപ ചിലവ് വരുന്ന ഈ പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര സർക്കാരിന് കീഴിലുള്ള രണ്ട് കമ്പനികൾ ഉൾപ്പെടുന്ന കൺസോഷ്യമാണ്. ഭാരത് ഇലക്ടോണിക് ലിമിറ്റഡ്, റെയിൽടെൽ എന്നീ പൊതു മേഖലാ കമ്പനികളും എസ്ആർഐടി, എൽഎസ് കേബിൾസ് എന്നീ സ്വകാര്യ കമ്പനികളും ചേർന്നതാണ് കൺസോഷ്യം. കൺസോഷ്യത്തിലെ കമ്പനി മേധാവികളുമായി ഇന്ന് നടത്തിയ വീഡിയോ കോൺഫറൻസിൽ ഈ വർഷം ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന് കൺസോഷ്യം ലീഡറായ എം.വി. ഗൗതം ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് നമ്മുടേതെന്നും ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റ് ഉറപ്പാക്കാനായി കെ ഫോൺ പദ്ധതി ആവിഷ്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. കേരളത്തെ സംബന്ധിച്ച് പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കുമെന്നും സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനധിഷ്ടിത സമ്പദ് വ്യവസ്ഥക്കും കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾക്കും കെ ഫോൺ ഉത്തേജ്ജനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.