ഉത്ര വധക്കേസ്: പ്രതി സൂരജിന് ഇരട്ടജീവപര്യന്തം
കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട വധക്കേസിൽ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജാണ് ഇരട്ടജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലപാതകമായി ഉത്രക്കേസിനെ പരിഗണിക്കാനാകില്ലന്ന് പ്രസ്താവിച്ച ജഡ്ജി സൂരജിന്റെ പ്രായം കണക്കിലെടുത്തും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചും ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. കൊലപാതകം, വധശ്രമം എന്നീ കേസുകളില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് നല്‍കിയിട്ടുള്ളത്. മറ്റു രണ്ടു വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം, ഏഴു വര്‍ഷം തടവു വീതവും വിധിച്ചിട്ടുണ്ട്.
ആദ്യം 10 വര്‍ഷം തുടര്‍ന്ന് ഏഴു വര്‍ഷം എന്നിങ്ങനെ ശിക്ഷ അനുഭവിക്കണം. അതിനു ശേഷമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ തുടങ്ങുകയെന്ന് കോടതി പ്രസ്താവിച്ചിട്ടുണ്ട്. ഇതുപ്രകാരം പ്രതി ആയുഷ്‌കാലം ജയിലില്‍ കഴിയേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
87 സാക്ഷികള്‍ നല്‍കിയ മൊഴികളും ,288 രേഖകളും. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് വിധി പ്രഖ്യാപിച്ചത്.ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്‍റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്‍റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.
സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂർവമായ കേസിൽ ഭർത്താവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജിന്റെ പേരിൽ ആസൂത്രിതകൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307-ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328-ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201-ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
2020 മേയ് ആറിനു രാത്രി സ്വന്തംവീട്ടിൽവെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി.ക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.