Top Stories

രണ്ടാം മോദി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്

ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ് തികയുന്നു. രാജ്യം കോവിഡ് പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് രണ്ടാം മോദി സർക്കാരിന് ഒരു വയസ്സ് തികയുന്നത്. പുതിയ സാഹചര്യത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പുതിയ ലക്ഷ്യം.

കൊവിഡ്  രോഗവ്യാപനത്തിൽ നിന്ന് രാജ്യം കരകയറാനുള്ള രോഗപ്രതിരോധ നടപടികളും സർക്കാരിന്റെ മുന്നോട്ടുള്ള സുഗമമായ യാത്രയ്ക്ക് ആവശ്യമാണ്. കോവിഡ് സാഹചര്യത്തിൽ രാജ്യത്ത് പ്രവചനാതീതമായി വർദ്ധിയ്ക്കുന്ന തൊഴിലില്ലായ്‌മയും തൊഴിൽ മേഖലകളിലെ അനിശ്ചിതാവസ്ഥയും സർക്കാരിന് വലിയ വെല്ലുവിളിയാണ്. പെട്ടന്നൊന്നും തീർക്കാവുന്ന പ്രതിസന്ധിയല്ല ഇതൊക്കെയൊന്നിരിയ്ക്കേ വരുന്ന 4 വർഷങ്ങൾക്കപ്പുറമുള്ള സാഹചര്യംകൂടി രണ്ടാം മോദി സർക്കാർ ഇന്നേ മനസ്സിൽ കാണേണ്ടി വരും.

2019 മേയ് 30-നാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന ആഘോഷ പരിപാടികളാണ് ബി.ജെ.പി. ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വാര്‍ഷികമാഘോഷിക്കുന്നത്. രാജ്യ വ്യാപകമായി വെര്‍ച്വല്‍ റാലികളും ആയിരം ഓണ്‍ലൈന്‍ സമ്മേളനങ്ങളും നടക്കും. വൈകീട്ട് നാലിന് ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

‘പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രിയനായ ലോക നേതാവ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കും. മുത്തലാഖ് നിരോധനം, ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മാണം, പൗരത്വ നിയമ ഭേദഗതി, ആത്മനിര്‍ഭര്‍ പാക്കേജ്, വന്ദേഭാരത് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച്‌ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. വലിയ സംസ്ഥാനങ്ങളിലെ യൂണിറ്റുകള്‍ രണ്ട് വെര്‍ച്വല്‍ റാലികളും ചെറിയ സംസ്ഥനങ്ങളിലെ യൂണിറ്റുകള്‍ ഒരു റാലി വീതവും നടത്തും. കോവിഡ് പ്രതിരോധ നടപടികള്‍ വിശദീകരിക്കുന്ന പ്രധാനമന്ത്രിയുടെ കൈപ്പടയിലുള്ള കത്ത് പത്തുകോടി കുടുംബങ്ങളില്‍ എത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button