സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണം
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ക്രൈബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിട്ടു. കൃത്യം ചെയ്തെന്ന് പറയുന്ന പെൺകുട്ടി പരാതി പിൻവലിച്ചതും പെൺകുട്ടി പിന്നീട് മൊഴിമാറ്റി പറഞ്ഞതും അന്വേഷിക്കും. പീഡന ശ്രമത്തിനിടെ അക്രമിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. അതേ സമയം സ്വന്തം സഹായിയാണ് അക്രമിച്ചതെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ നൽകിയ പരാതി.
മാത്രമല്ല, ആശുപത്രിയിൽ നിന്നിറങ്ങിയശേഷം സ്വാമി ഗംഗേശാനന്ദ, ഈ സംഭവത്തിനു പിന്നിൽ പോലീസിലെ ഉന്നതർക്കുൾപ്പെടെ പങ്കുണ്ടന്നും തന്റെ സഹായിയെ മുൻനിർത്തി ഗൂഡാലോചന നടത്തിയതാണെന്നും പറഞ്ഞ് ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. ഇതും ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും. ഐജിയുടെ നേതൃത്വത്തിലായിരിയ്ക്കും അന്വേഷണസംഘം. പെൺകുട്ടിയുടെ മൊഴിമാത്രം കേട്ട് മുന്നോട്ട് പോയത് അബദ്ധമായെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം പുനരാരംഭിയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അടിസ്ഥാനമാക്കി അന്വേഷിയ്ക്കാനാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്.
2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ അക്രമിക്കാൻ തുനിഞ്ഞപ്പോൾ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ആദ്യം പരാതി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തതും. പിന്നാലെ പെൺകുട്ടി കോടതിയിലടക്കം മൊഴി മാറ്റി പറയുകയും ചെയ്തു. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു.