24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 265 മരണം
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 265 പേർ മരിച്ചു. 7964 പേർക്ക് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് സ്ഥിതീകരിച്ചു. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ഉയർന്ന രോഗബാധിത നിരക്കും മരണനിരക്കുമാണ് ഇത്. നാലാം ഘട്ട ലോക്ക്ഡൌൺ തുടങ്ങിയത് മുതൽ 5000 ത്തിന് മുകളിലായിരുന്നു കോവിഡ് കേസുകൾ. പിന്നീടത് 6000 വും 7000 വും കടന്നു നാലാംഘട്ട ലോക്ക്ഡൌൺ അവസാനിയ്ക്കുന്നതിന്റെ തലേദിവസമായ ഇന്ന് രോഗബാധിതർ 8000 ത്തിലേക്കടുക്കുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി. 4971 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.
ലോകത്ത് കോവിഡ് സാരമായി ബാധിച്ച ഒമ്പതാമത്തെ രാജ്യവും ഏറ്റവും കൂടുതൽ മരണം പുതുതായി രേഖപ്പെടുത്തിയ അഞ്ചാമത്തെ രാജ്യവുമാണ് ഇന്ത്യ. ഇന്ത്യയിലെ കോവിഡ് കേസുകളിൽ അധികവും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 62228 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. 24 മണിക്കൂറിനുള്ളിൽ 2682 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. ഇന്നലെ മാത്രം 116 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 2098 ആയി. 26997 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 20246 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 874 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 154 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 11313 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 1105 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 17386 ആയി. ആകെ 398 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 82 പേരാണ് മരിച്ചത്. 7846 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.
കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 372 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 15934 ആയി. 20 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 980 ആയി. 8611 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.