Top Stories
രാജ്യത്ത് ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി
ന്യൂഡൽഹി : രാജ്യത്ത് ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി കേന്ദ്രസർക്കാർ ഉത്തരവിറക്കി. കണ്ടെയ്ന്മെന്റ് സോണുകള്‍ അഥവാ ഹോട്ട്സ്പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കണ്ടെയ്ന്മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ ഇളവുകൾ.
മൂന്നു ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ആരാധനാലയങ്ങൾ, ഹോട്ടലുകൾ റെസ്റ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്ക് ജൂൺ 8 മുതൽ പ്രവർത്തിക്കാം. കണ്ടെയ്ന്മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക.
രണ്ടാം ഘട്ടത്തിൽ സ്കൂൾ, കോളേജുകൾ, പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുമതി നൽകും. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചായിരിയ്ക്കും അന്തിമതീരുമാനം കൈക്കൊള്ളുക. ജൂലൈ മാസത്തോടെ തീരുമാനമുണ്ടാകും.
മൂന്നാം ഘട്ടത്തിൽ മെട്രോ റെയിൽ, സിനിമ തീയേറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ബാർ, പൊതുസമ്മേളനങ്ങൾ എന്നിവയ്ക്ക് അനുമതി നൽകും.
ജൂൺ 30 വരെ രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെയുള്ള നൈറ്റ് കർഫ്യൂ തുടരും. അവശ്യസർവീസുകൾക്ക് കർഫ്യൂ ബാധകമല്ല. നിലവില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കര്‍ഫ്യൂ.
അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് ഇനി നിയന്ത്രണങ്ങളില്ല. പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം തിങ്കളാഴ്ച മുതല്‍, ഇല്ലാതാകുന്നു. പക്ഷേ, തീവണ്ടികളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ്സ് വേണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്ക്കും.സ്വകാര്യവാഹനങ്ങളില്‍ പാസ്സില്ലാതെ അന്തര്സംസ്ഥാനയാത്രകള് നടത്താം. അതേസമയം, വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് തുടരും.
രാജ്യത്തെ ആകെ കേസുകളുടെ എണ്ണത്തില്‍ എഴുപത് ശതമാനവും ഏതാണ്ട് 15 നഗരങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഗുരുതരമായി രോഗം ബാധിക്കപ്പെട്ട തീവ്രബാധിതമേഖലകളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബാക്കിയെല്ലാ ഇടങ്ങളിലും പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് പുതിയ മാര്‍ഗരേഖയിലുള്ളത്.
കണ്ടെയിൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളിൽ നിന്നോ ഉള്ള യാത്രകൾക്ക് നിരോധനമുണ്ട്. അവശ്യസർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. വീടുകയറിയുള്ള നിരീക്ഷണം, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ആരോഗ്യപ്രവർത്തകരുടെ ഇടപെടൽ എന്നിവ ഈ മേഖലയിൽ തുടരണം.
65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീടിനുള്ളിൽ കഴിയാൻ നിർദേശം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാം.
എല്ലാ ജീവനക്കാരും ആരോഗ്യസേതു ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പുവരുത്തണം. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ജില്ലാ ഭരണകൂടം ജനങ്ങൾക്ക് നിർദേശം നൽകണം.
കേന്ദ്രം പുറത്തിറങ്ങിയ മാർഗനിർദേശങ്ങളിൽ അയവ് വരുത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി ഇല്ല. മാർഗനിർദേശം നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റുമാർ ഉറപ്പുവരുത്തണം. അതേസമയം, കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തണമെങ്കില്‍ അത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഏര്‍പ്പെടുത്താം. പക്ഷേ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നതിന് പുറമേയുള്ള, ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാനാകില്ല.