Uncategorized

നാളെമുതൽ എറണാകുളം തിരുവനന്തപുരം പാതയിൽ ട്രെയിൻ സർവീസ് തുടങ്ങും

തിരുവനന്തപുരം : നാളെമുതൽ എറണാകുളം – തിരുവനന്തപുരം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങും. വേണാട് എക്സ്‌പ്രസാണ് പ്രത്യേക തീവണ്ടിയായി ഓടിക്കുന്നത്.  തിരുവനന്തപുരം സെൻട്രലിൽ നിന്നു രാവിലെ 7.45-ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ 12.30-ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന്‌ ഉച്ചയ്ക്ക് 1-ന് പുറപ്പെടുന്ന തീവണ്ടി (06301) വൈകീട്ട് 5.30-ന് തലസ്ഥാനത്ത് എത്തും.തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാർക്ക് എറണാകുളത്തുനിന്നുള്ള മംഗള എക്സ്‌പ്രസ്‌ കിട്ടുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. ജൂൺ ഒന്നുമുതൽ ഒമ്പതുവരെ ഈ സമയക്രമം തുടരും.

10 മുതൽ മംഗള എക്സ്‌പ്രസിന്റെ മൺസൂൺ സമയക്രമത്തിന് ആനുപാതികമായി രാവിലത്തെ തീവണ്ടിയുടെ സമയം മാറും. തിരുവനന്തപുരം സെൻട്രലിൽനിന്നു രാവിലെ 5.15-ന് പുറപ്പെടുന്ന തീവണ്ടി 9.45-ന് എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തുനിന്നു മടക്കയാത്ര തുടങ്ങും. കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവയാണ് സ്റ്റോപ്പുകൾ. ഒരു എ.സി. ചെയർകാറും 18 സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ടാകും.

തിരുച്ചിറപ്പള്ളി-നാഗർകോവിൽ സൂപ്പർഫാസ്റ്റും തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും. തിരുച്ചിറപ്പള്ളിയിൽനിന്നു രാവിലെ ആറിന് പുറപ്പെടുകയും നാഗർകോവിലിൽ ഉച്ചയ്ക്ക് 1-ന് എത്തുകയും ചെയ്യും. നാഗർകോവിൽ – തിരുച്ചിറപ്പള്ളി തീവണ്ടി ഉച്ചയ്ക്ക് 3-ന് പുറപ്പെട്ട്‌ രാത്രി 10.15-ന് തിരുച്ചിറപ്പള്ളിയിൽ എത്തുകയും ചെയ്യും. സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചകളിൽ തിരുവനന്തപുരം ഡിവിഷനിലെ 11 റിസർവേഷൻ കൗണ്ടറുകളും പ്രവർത്തിക്കില്ലെന്ന് റെയിൽവേ അറിയിച്ചു.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിങ്കളാഴ്ച മുതൽ റെയിൽവേ സ്‌റ്റേഷൻ കൗണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. യാത്രക്കാരെ ആരോഗ്യപരിശോധന നടത്തിയശേഷമാകും സ്‌റ്റേഷനിലേക്കു പ്രവേശിപ്പിക്കുക. പനിയുള്ളവരെ യാത്രചെയ്യാൻ അനുവദിക്കില്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button