News

സംസ്ഥാനത്തെ മുതിർന്ന ഡിജിപി ജേക്കബ് തോമസ് ഇന്ന് വിരമിയ്ക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസുകാരന്‍ ജേക്കബ് തോമസ് ഇന്ന് വിരമിയ്ക്കുന്നു.  ഡി.ജി.പിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. പിരിയുന്നതിന് മുമ്പ് തരം താഴ്ത്തലിന് വിധേയനാവേണ്ടിവരുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഡി.ജി.പിയായി തന്നെയാണ് ജേക്കബ് തോമസ് സർവീസിൽ നിന്ന് വിരമിക്കുന്നത്.

കോട്ടയത്തെ കര്‍ഷകഗ്രാമമായ തീക്കോയില്‍ ജനിച്ചുവളര്‍ന്ന ജേക്കബ് തോമസ് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ് ബിരുദവും, അഗ്രോണമിയിൽ ഡ‌ോക്ടറേറ്റും നേടി. 1985 ൽ ആണ് അദ്ദേഹം ഐപിഎസ് നേടുന്നത്. 2015ലാണ് ജേക്കബ് തോമസ് ഡി.ജി.പി റാങ്കിലെത്തുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി. ഒരു ഘട്ടത്തില്‍ ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയിലാണ് സര്‍ക്കാര്‍ നിലനിന്നതുതന്നെ.

ഐ.എ.എസുകാരുടെ വീട്ടില്‍ പൊലീസ് കയറുകയും വ്യവസായ മന്ത്രി രാജിവയ്ക്കേണ്ടി വരികയും ചെയ്തതോടെയാണ് ജേക്കബ് തോമസ് വിജിലൻസിൽ നിന്ന് പുറത്തേക്ക്‌ പോകുന്നത്. പിന്നീട് ഐ.എം.ജി ഡയറക്ടറായി. പിന്നെ സസ്പെന്‍ഷന്‍, കോടതി കയറ്റം. 2017ല്‍ ഓഖി ദുരന്തം ഉണ്ടായപ്പോള്‍ അദ്ദേഹം പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിച്ചു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതാന്‍ അനുവാദം വാങ്ങിയില്ല എന്നതിന് വീണ്ടും സസ്‌പെൻഷൻ.

ഒടുവിൽ കോടതി  ഉത്തരവിലൂടെ സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസുകാരന്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ തലപ്പത്തേക്ക്. ഗുണമേന്മയുള്ള കുറേ അരിവാളും മൺവെട്ടിയും ഉണ്ടാക്കിയശേഷം സർവീസ് ചട്ടങ്ങൾ ബാധകമല്ലാത്ത കൂടുതൽ മേഖലകളിലേക്ക് ഇന്ന് മുതൽ ജേക്കബ് തോമസ്. സിവിൽ സർവീസിന്റെ അവസാന ദിനത്തിൽ ജേക്കബ് തോമസ് ഉറക്കമുണർന്നത് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ തന്റെ ഓഫീസ് മുറിയിലാണ്.

"സിവിൽ സർവീസ് – അവസാന ദിനത്തിൻ്റെ തുടക്കവും, ഉറക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ"#civilservices #ips #metalindustries #drjacobthomas

Posted by Dr.Jacob Thomas IPS on Saturday, May 30, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button