Month: June 2020

  • Top Stories
    Photo of അൺലോക്ക് 2: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

    അൺലോക്ക് 2: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

    ന്യൂഡൽഹി : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്‍റെ ഭാ​ഗമായി അൺലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. വിവിധ മന്ത്രാലയങ്ങളുടേയും വിദഗ്ദ്ധസമിതികളുടേയും ശുപാര്‍ശകളുടേയും നി‍ര്‍ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്‍റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്. സ്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ലെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പരിശീലന സ്ഥാപനങ്ങൾക്ക് ജൂലായ് 15 മുതൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാം. അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്ന വിമാനങ്ങൾക്ക് പറക്കാം. മെട്രോ തീവണ്ടി സർവീസുകളും ഉണ്ടാവില്ല. സിനിമാ തീയേറ്ററുകൾ, ജിംനേഷ്യങ്ങൾ, സ്വിമ്മിങ് പൂളുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയും തുറക്കില്ല. സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, മത ചടങ്ങുകളും കൂട്ടായ്മകളും അനുവദിക്കില്ല. നിലവിൽ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സർവീസുകളും തീവണ്ടി സർവീസുകളും ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും യാത്രകളിലും തുടർന്നും മുഖാവരണം ധരിക്കണം. പൊതുസ്ഥലങ്ങളിൽ സാമൂഹ്യ അകലം (ആറടി) പാലിക്കുന്നതും തുടരണം. വിവാഹങ്ങൾക്ക് പരമാവധി 50 പേരെയും ശവസംസ്കാര ചടങ്ങുകൾക്ക് പരമാവധി 20 പേരെയും മാത്രമെ അനുവദിക്കൂ. പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിയമാനുസൃതമായ പിഴ ചുമത്താം. മദ്യം, പുകയില, പാൻ, ഗുഡ്ക എന്നിവയുടെ ഉപയോഗം പൊതുസ്ഥലങ്ങളിൽ നിരോധിക്കുമെന്നും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾ ജീവനക്കാർക്ക് പരമാവധി വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണം. തെർമൽ സ്കാനിങ്, കൈകഴുകൽ എന്നിവയ്ക്കുള്ള സൗകര്യവും സാനിറ്റൈസറും സ്ഥാപനങ്ങൾ കരുതണം. ജീവനക്കാരുടെ ജോലി സ്ഥലവും പൊതുവായി ഇടപഴകുന്ന സ്ഥലങ്ങളും ഡോർ ഹാൻഡിൽ അടക്കമുള്ളവയും ഓരോ ഷിഫ്റ്റുകളുടെയും ഇടവേളകളിൽ അണുവിമുക്തമാക്കണം. ജീവനക്കാർ തമ്മിലുള്ള സാമൂഹ്യ അകലം പാലിക്കണം.

    Read More »
  • News
    Photo of ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു

    ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചു

    ന്യൂഡൽഹി : രാജ്യ സുരക്ഷ മുൻനിർത്തി ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ രാജ്യത്ത് നിരോധിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നിരോധിച്ചതെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ഫോൺ കമ്പനികളോട് ഈ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടു. ഷെയര്‍ ഇറ്റ്, ഹലോ, യുസി ബ്രൗസർ, വി മേറ്റ്, യു വീഡിയോ, എക്‌സന്‍ഡര്‍, ന്യൂസ് ഡോഗ് ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്.  രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ മുന്നേറ്റനിരയിലുള്ള ഇന്ത്യയില്‍ പക്ഷേ, ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

    Read More »
  • Cinema
    Photo of ‘നാളേയ്ക്കായി’ പൂർത്തിയായി

    ‘നാളേയ്ക്കായി’ പൂർത്തിയായി

    കുപ്പിവള, ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായി ” പൂർത്തിയായി. കോവിഡിനെ തുടർന്ന് ചിത്രീകരണം പാതിവഴിയിൽ നിറുത്തി വെയ്ക്കുകയും തുടർന്ന് സർക്കാർ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യസിനിമ കൂടിയാണ് നാളേയ്ക്കായ്. പുതിയ കാലത്ത് ബന്ധങ്ങൾ ബന്ധനങ്ങളാക്കുന്ന ഒരു കാലഘടനയിൽ വൈകാരികമായ അവഗണനകൾക്കും തിരസ്ക്കരണങ്ങൾക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥയാണ് ചിത്രം പറയുന്നത്. ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന റോസ് ലിൻ എന്ന ടീച്ചറുടെയും വൈകാരിക ബന്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , നന്ദന നന്ദഗോപാൽ, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിതാ രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവരഭിനയിക്കുന്നു. ബാനർ , നിർമ്മാണം – സൂരജ് ശ്രുതി സിനിമാസ് , സംവിധാനം – സുരേഷ് തിരുവല്ല, എക്സി : പ്രൊഡ്യൂസർ – ആഷാഡം ഷാഹുൽ , വിനോദ് അനക്കാപ്പാറ, ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, കഥ, തിരക്കഥ, സംഭാഷണം – വി കെ അജിതൻകുമാർ , എഡിറ്റിംഗ് – കെ ശ്രീനിവാസ് , പ്രൊ.. കൺട്രോളർ – ചന്ദ്രദാസ് , പ്രൊ: എക്സി :- സുനിൽ പനച്ചിമൂട് ,  ഗാനരചന – ജയദാസ് , സംഗീതം, പശ്ചാത്തല സംഗീതം – രാജീവ് ശിവ, ആലാപനം – സരിതാ രാജീവ്, കല- രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം – സൂര്യ ശ്രീകുമാർ , ചമയം – അനിൽ നേമം, ചീഫ് അസ്സോ: ഡയറക്ടർ – കിരൺ റാഫേൽ , സഹസംവിധാനം – ഹാരിസ്, അരുൺ , സ്റ്റിൽസ് – ഷാലു പേയാട്, യൂണിറ്റ് – ചിത്രാഞ്‌ജലി,…

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 121 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 121 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 121 പേർക്ക്  കോവിഡ് 19 സ്ഥിരീകരിച്ചു.  തൃശ്ശൂർ- 26, കണ്ണൂർ- 14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ചുവീതം, കാസർകോട്, തിരുവനന്തപുരം നാലുവീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ച കണക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 26 പേർ. സമ്പർക്കം വഴി 5 പേർക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഒമ്പത് സിഐഎസ്എഫുകാരും ഉൾപ്പെടുന്നു. 24ന് മഞ്ചേരി മെഡിക്കൽ കോളേജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവപരിശോധന കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 79 പേരാണ് സംസ്ഥനത്ത് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം -3, കൊല്ലം- 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം-4, തൃശ്ശൂർ-5, പാലക്കാട്-3, കോഴിക്കോട്-8, മലപ്പുറം-7, കണ്ണൂർ- 13, കാസർകോട്-2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ഇതുവരെ 4311 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2057 പേരാണ്. 180617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേർ ആശുപത്രികളിലാണ്. ഇന്നു മാത്രം 281 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്പിളുകളാണ് പരിശോധിച്ചത്. എല്ലാ ഇനത്തിലുമായി 224727 പേരിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 171846 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2774 പേരുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 46689 സാമ്പിളുകൾ ശേഖരിച്ചു. 45065 നെഗറ്റീവ് ആയി. എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപകമായ ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ട്രാൻസ്പോർട്ട് ഹബ്ബുകൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ എന്നവർക്ക് ലക്ഷണമില്ലെങ്കിൽക്കൂടി പരിശോധന നടത്തും.…

    Read More »
  • News
    Photo of യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെഎം മാണിയെ

    യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെഎം മാണിയെ

    കോട്ടയം : കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ 38 വര്‍ഷം പ്രതിസന്ധികളില്‍ സംരക്ഷിച്ച്‌ വന്ന കെ എം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ മാത്രം പ്രശ്നം അല്ല. ഇല്ലാത്ത ധാരണയുടെ പേരില്‍ രാജി വക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്നമാണെന്നും ജോസ് കെ മാണി തുറന്നടിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാത്തതുകൊണ്ടാണ് പുറത്താക്കിയത് എന്ന് പറയുന്നു. ഇത് സ്ഥാനമോ പദവിയോ അല്ല. ഇത് നീതിയുടെ പ്രശ്നമാണ്.ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച്‌ അത് പ്രകാരം രാജിവയ്ക്കണമെന്നാണ് പറയുന്നത്. അടിച്ചേല്‍പ്പിക്കുന്നതല്ല ധാരണ. കാലുമാറ്റക്കാരന് പാരിതോഷികം നല്‍കണമെന്ന് പറയുന്നത് അനീതിയാണ്. യുഡിഎഫ് നേതൃത്വം ഒരുതവണ പോലും പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച ചെയ്തിട്ടില്ല. ചിലത് യുഡിഎഫ് നേതൃത്വം ബോധപൂര്‍വം മറക്കുകയാണ്. ഇതിനെ സെലക്ടീവ് ഡിമന്‍ഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്. അച്ചടക്കത്തിന്റെ പേരിലാണ് നടപടി എടുത്തതെങ്കില്‍ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു. നിരന്തരമായി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നത് എത്രയോ തവണ പറഞ്ഞു. എന്നിട്ട് എന്തെങ്കിലും നടപടിയുണ്ടായോ. ഇപ്പോള്‍ യുഡിഎഫ് യുഡിഎഫ് വിടുമെന്ന ഭീഷണിപ്പെടുത്തിയപ്പോള്‍ യുഡിഎഫ് നേതൃത്വം അതിന് മുന്നില്‍ കീഴടങ്ങാന്‍ പാടില്ലായിരുന്നു. കേരളാ കോണ്‍ഗ്രസ് ഭംഗിയായി മുന്നോട്ടുപോകുമെന്നും ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പാർട്ടിക്കകത്തെ പ്രശ്നങ്ങള്‍ മുന്നണിക്കകത്ത് ചർച്ച ചെയ്യാനാണ് ശ്രമിച്ചത്. അതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ല. രാഷ്ട്രീയ അജണ്ട ബോധപൂർവ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കള്‍ ചെയ്തത്. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. യുഡിഎഫില്‍ നടന്നത് വണ്‍വേ ചര്‍ച്ചയാണ്. നാളെ രാവിലെ പത്തരയ്ക്ക് സ്റ്റിയറിങ് കമ്മിറ്റി ചേരും . രാഷ്ട്രീയ നിലപാട് അതിന് ശേഷം പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

    Read More »
  • News
    Photo of ട്രെയിനുകളിലേക്കുള്ള തൽക്കാൽ റിസർവേഷൻ റെയിൽവെ തുടങ്ങി

    ട്രെയിനുകളിലേക്കുള്ള തൽക്കാൽ റിസർവേഷൻ റെയിൽവെ തുടങ്ങി

    നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലേക്കുള്ള തൽക്കാൽ റിസർവേഷൻ റെയിൽവെ തുടങ്ങി. 230 സ്പെഷൽ ട്രെയിനുകളിലേയ്ക്കുള്ള  റിസർവേഷനുകളാണ് തുടങ്ങിയത്.  ജൂൺ 30മുതലുള്ള യാത്രകൾക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. യാത്രയ്ക്ക് ഒരുദിവസംമുമ്പാണ് ടിക്കറ്റ്ബുക്ക് ചെയ്യാനാകുക. എസി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പർ ക്ലാസിലേയ്ക്ക് 11മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവവഴി ബുക്ക്ചെയ്യാം. സാധാരണ റിസർവേഷൻ ടിക്കറ്റുകൾ 120 ദിവസംമുമ്പുവരെ ബുക്ക് ചെയ്യാമെന്നും റെയിൽവെ വ്യക്തമക്കി. 30 പ്രത്യേക രാജധാനി ട്രെയിനുകൾക്കും 200 പ്രത്യേക മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കും ഇത് ബാധകമാണ്.

    Read More »
  • News
    Photo of കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

    കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

    കോട്ടയം : കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. യുഡിഎഫ് തീരുമാന പ്രകാരം മുൻധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാൻ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.  ധാര്‍മികമായ സഹകരണം ഉണ്ടായില്ല. പലതവണ സമവായ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാന്‍ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നൽകി പല തവണ ചർച്ചകൾ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്ന് യുഡിഎഫ് കൺവീനൽ ബെന്നി ബെഹന്നാൻ പത്രസമ്മേളത്തിൽ വ്യക്തമാക്കി. ജോസ് വിഭാഗം യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം ധിക്കരിച്ചു. ജോസ് വിഭാഗത്തിന് ഇനി മുന്നണിയിൽ തുടരാൻ അർഹതയില്ലെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു. കോട്ടയം ജില്ലാപഞ്ചായത്ത് പദവി തര്‍ക്കത്തില്‍ ഇന്ന് അവസാനവട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെ ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ചിരുന്നു. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റുകള്‍ സംബന്ധിച്ച്‌ ധാരണയാകാതെ പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കില്ലെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ നിലപാട്. പ്രശ്നപരിഹാരത്തിനായി ജോസ് വിഭാഗം മുന്നോട്ടുവെച്ച നാല് നിര്‍ദേശങ്ങളും ജോസഫ് വിഭാഗം നിഷ്ക്കരുണം തള്ളി. ഇന്ന് അവസാന നിമിഷവും കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് കെ മാണിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതേസമയം പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതികരണം. ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം വ്യക്തമാക്കി. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഇതിന്റെ ഫലം അനുഭവിക്കുമെന്നും തങ്ങളുടെ കരുത്ത് എന്തെന്ന് യുഡിഎഫ് അറിയാനിരിക്കുന്നതേയുള്ളുവെന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നൽകി. യുഡിഎഫ് തീരുമാനം ചർച്ച ചെയ്യാൻ തിങ്കളാഴ്ച വൈകീട്ട് ജോസ് വിഭാഗം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളെ കാണും. ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് തീരുമാനത്തെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. ഇത് നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്ന് ജോസഫ് വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് സോൺ: വാർഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാൽ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാർഡുകളും), എടപ്പാൾ (എല്ലാ വാർഡുകളും), ആലങ്കോട് (എല്ലാ വാർഡുകളും), പൊന്നാനി മുൻസിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാർഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാർഡുകളും), പുൽപ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂർ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോർപറേഷൻ (67) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇന്ന് 118 പേർക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 42 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായി.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേർക്കും, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേർക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാൻ- 13, സൗദി അറേബ്യ- 10, ഖത്തർ- 4, ബഹറിൻ- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. കർണാടക- 10, ഡൽഹി- 7, മഹാരാഷ്ട്ര- 7, തമിഴ്നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീർ- 1, രാജസ്ഥാൻ- 1, ഗുജറാത്ത്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാർക്കും, കോട്ടയം ജില്ലയിലെ 4 പേർക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 42 പേർ രോഗമുക്തരായി. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 7 പേരുടെയും (പാലക്കാട്-1), ഇടുക്കി ജില്ലയിൽ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 2 പേരുടെയും, തിരുവനന്തപുരം, എറണാകുളം (കോട്ടയം), വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി…

    Read More »
  • Politics
    Photo of കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫ് ഗ്രൂപ്പ്

    കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫ് ഗ്രൂപ്പ്

    കോട്ടയം : ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫ് ഗ്രൂപ്പ്. യു.ഡി.എഫ്‌. നിലപാടിനു വിരുദ്ധമായി കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം കേരള കോൺഗ്രസ്‌ ജോസ് പക്ഷം ഒഴിയാന്‍ വിസമ്മതിക്കുന്നതിനാലാണ് ജോസഫ് പക്ഷത്തിന്റെ നീക്കം. ജോസ് കെ.മാണി വിഭാഗത്തിനെതിരെ ഉടനടി നീക്കം വേണമെന്ന ജോസഫ് വിഭാഗത്തിന്‍റെ നിലപാടിനോട്‌ കോണ്‍ഗ്രസിനുള്ളിൽ പൊതുവെ യോജിപ്പാണെങ്കിലും എതിർക്കുന്നവരും ഉണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന യു‍ഡിഎഫ് നിര്‍‍ദേശം ജോസ് വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി കൂടുതല്‍ വഷളായത്. ഇതോടെയാണ് ഇനി കാത്തിരിക്കാനാകില്ലെന്നും കോട്ടയത്ത് അവിശ്വാസം വേണമെന്നുമുള്ള നിലപാടിലേക്ക് കോണ്‍ഗ്രസും എത്തിയത്. യു.ഡി.എഫിലെ തമ്മിലടി മുതലെടുക്കാന്‍ നില്‍ക്കുന്ന എല്‍.ഡി.എഫ്‌. പിന്തുണച്ചാല്‍ ജോസ്‌ വിഭാഗം അവിശ്വാസത്തെ അതിജീവിക്കും. അതു കൊണ്ടു തന്നെ അവിശ്വാസത്തിലൂടെ ഒരു ഘടകകക്ഷിയെ മുന്നണിക്ക്‌ എതിരാക്കാന്‍ കോണ്‍ഗ്രസ്‌ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എന്ന് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. യുഡിഎഫിനെ കേള്‍ക്കാത്ത ജോസ് കെ മാണിയുടെ നിലപാടില്‍ യുഡിഎഫ് ഒന്നാകെ അതൃപ്തരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജോസ് വിഭാഗം നടത്തുന്ന വിലപേശല്‍ അംഗീകരിച്ചു കൊടുക്കേണ്ടെന്ന നിലപാടും യുഡിഎഫിലെ പ്രമുഖ കക്ഷികള്‍ക്കുണ്ട് അവിശ്വാസ പ്രമേയമെന്ന സമ്മര്‍ദ്ദത്തില്‍ ജോസ് വിഭാഗം വഴങ്ങുമോയെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. എന്നാല്‍ ജോസ് പക്ഷം നിലപാട് വീണ്ടും കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസുകളുടെ തമ്മിലടി മുന്നണിയെ ആകെ പ്രതിസന്ധിയിലാക്കി. അവിശ്വാസ പ്രമേയം വന്നാലും ജോസ് കെ മാണി വിഭാഗത്തിന്‍റെ പ്രസിഡന്‍റിനെ പുറത്താക്കാന്‍ യുഡിഎഫിന് കഴിയില്ല. ജില്ലാ പഞ്ചായത്തില്‍ ഇടത് മുന്നണി ജോസ് കെ മാണിയെ പിന്തുണച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകും. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ചർച്ചകളാണ് യുഡിഎഫിൽ അധികവും.

    Read More »
Back to top button