ഉത്ര വധക്കേസ്: സൂരജിന്റെ അച്ഛൻ അറസ്റ്റിൽ
കൊല്ലം : അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ. മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യ്തത്. അച്ഛന് എല്ലാം അറിയാമായിരുന്നു എന്ന് സൂരജ് മൊഴി നൽകിയിരുന്നു. തുടർന്നാണ് സുരേന്ദ്രനെ ചോദ്യം ചെയ്യ്തത്.
കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വർണ്ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് സംഘത്തിന് കാണിച്ച് കൊടുത്തത്. ഇതിന് ശേഷം നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
ഉത്രവധകേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഭര്‍ത്താവ് സൂരജിന്‍റെ അടൂരിലെ വീട്ടില്‍ എത്തി തെളിവെടുപ്പു നടത്തിയിരുന്നു. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരില്‍ നിന്നും വിശദാംശങ്ങള്‍ തേടി. അടൂരിലെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. സൂരജിന്‍റെ അച്ഛന്‍റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. പിന്നീട് വീട്ടിലെത്തി സൂരജിന്റെ അച്ഛനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണം കുഴിച്ചിട്ട സ്ഥലം പറയുകയും തുടർന്ന് സ്വർണ്ണം കണ്ടെത്തുകയും ചെയ്യ്തത്. കൊലപാതകത്തിന് മുന്‍പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.