പാലാരിവട്ടം പാലം അഴിമതി: കുറ്റപത്രം റദ്ദാക്കണമെന്ന സൂരജിന്റെ ഹര്‍ജി തള്ളി
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടപടിക്രമങ്ങള്‍ പാലിച്ചാണ് കേസെടുത്തതെന്ന, വിജിലന്‍സിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
അഴിമതി നിരോധന നിയമത്തിന്റെ പുതിയ ഭേദഗതിയനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ സാധിക്കൂ. പാലാരിവട്ടം പാലം കേസില്‍ എഫ്‌ഐആര്‍ ഇടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുവാദം വാങ്ങിയിട്ടില്ല. അതിനാല്‍ ഇത് റദ്ദാക്കണമെന്നുമായിരുന്നു സൂരജിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചു തന്നെയാണ് കേസ് എടുത്തതെന്നും സൂരജ് അഴിമതി ഇടപാടിലെ മുഖ്യ കണ്ണിയാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
പാലം നിര്‍മാണ അഴിമതിയുടെ തുടക്കം മുതല്‍ സൂരജിന്റെ പങ്കാളിത്തമുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പാലം നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് 14.30 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ കരാര്‍ കമ്പനിക്ക് പണം നല്‍കിയതിനു പിന്നാലെ ടിഒ സൂരജ് ഇടപ്പള്ളിയില്‍ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചു.