ലോകം മുഴുവൻ ഉറ്റുനോക്കിയ സന്ദർശനം പൂർത്തിയായി;ഡൊണാൾഡ് ട്രംപും കുടുംബവും അമേരിക്കയിലേക്ക് മടങ്ങി

ന്യൂഡൽഹി : രണ്ടുദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും അമേരിക്കയിലേക്ക് മടങ്ങി. ലോകം മുഴുവൻ ഉറ്റുനോക്കിയ സന്ദർശനത്തിനാണ് ഇന്ത്യ സാക്ഷിയായത്.

തിങ്കളാഴ്ച രാവിലെ 11:40 ഓടുകൂടി അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിലെത്തിയ കുടുംബവും സബർമതി ആശ്രമം സന്ദർശിച്ചാണ് ഇന്ത്യാസന്ദർശനം തുടങ്ങിയത്. തുടർന്ന് മൊട്ടേര സ്റ്റേഡിയത്തിലെത്തിയ ട്രംപിനും കുടുംബത്തിനും ഒന്നേകാൽ ലക്ഷത്തിലധികം ജനങ്ങൾ അണിനിരന്ന ആവേശകരമായ സ്വീകരണമാണ് നമസ്തേ ട്രംപ് എന്ന പേരിൽ നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഒരുമണിക്കൂറോളം നമസ്തേ ട്രമ്പിൽ പങ്കെടുത്ത ട്രംപ് എനിക്ക് നൽകിയ ആവേശകരമായ സ്വീകരണത്തിൽ നന്ദി പറഞ്ഞു. ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്നും അമേരിക്കൻ ജനതയ്ക്കും തനിക്കും വേണ്ടപ്പെട്ടവരാണെന്ന് ട്രംപ് അടിവരയിട്ട് പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യത്തെയും ഇന്ത്യയുടെ പൈതൃകത്തെയും മുക്തകണ്ഠം പ്രശംസിക്കാൻ ട്രംപ് അവസരം ഉപയോഗിച്ചു.

ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ പങ്കെടുത്ത ശേഷം ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും രാഷ്ട്രപിതാവ് ഉറങ്ങുന്ന രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ചു.

തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിർണായക കൂടിക്കാഴ്ച. 300 കോടി ഡോളറിന്റെ പ്രതിരോധ കരാറുകളിൽ അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പ് വയ്ച്ചു. നിർണായകമായ പല തീരുമാനങ്ങളും ഈ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞു.

തുടർന്ന് നടന്ന സംയുക്ത വാർത്താസമ്മേളനത്തിലും വൈകുന്നേരം ട്രംപ് ഒറ്റയ്ക്ക് നടത്തിയ വാർത്താസമ്മേളനത്തിലും നരേന്ദ്ര മോദിയെയും ഇന്ത്യയെയും ശക്തമായി പിന്തുണച്ചുകൊണ്ടുള്ള നിലപാടുകളാണ് ഡൊണാൾഡ് ട്രംപ് കൈക്കൊണ്ടത്. ഭീകരവാദത്തിനെതിരെയും ഇരുരാജ്യങ്ങളുടെയും സമഗ്ര വികസനത്തിനും ഒറ്റക്കെട്ടായി ഇന്ത്യയും അമേരിക്കയും മുന്നോട്ടുപോകുമെന്ന് ട്രംപ് അടിവരയിട്ട് പറഞ്ഞു. ശേഷം വൈകിട്ട് ഏഴ് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ഗംഭീര അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം ട്രംപും കുടുംബവും പൂർണ സംതൃപ്തിയോടെയും സന്തോഷത്തോടെയും ആണ് തിരികെ അമേരിക്കയിലേക്ക് മടങ്ങിയത്.

ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് മാത്രമായി നടത്തിയ ഈ ദ്വിദിന സന്ദർശനം, ദീർഘകാലത്തേക്കുള്ള ഇന്ത്യ അമേരിക്കൻ ആത്മബന്ധത്തിനാണ് അടിത്തറപാകിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുടെ ബന്ധം ഊഷ്മളമായി എന്നതിലുപരി ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ മനസ്സുകൾ തമ്മിൽ അല്പം കൂടി അടുത്തു ട്രംപിന്റെ ഈ സന്ദർശനത്തിലൂടെ.
