Top Stories
സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് 14 പേർക്കും മലപ്പുറം-14 തൃശ്ശൂർ-9,കൊല്ലം-5, പത്തനംതിട്ട-4,തിരുവന്തപുരം-3, എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്. ഇന്ന് പോസിറ്റീവായതിൽ 55 പേരും പുറത്തുനിന്നുവന്നവരാണ്.
മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
18 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. മലപ്പുറം-7, തിരുവന്തപുരം-3, കോട്ടയം-3, പത്തനംതിട്ട-1, പാലക്കാട്-1, കോഴിക്കോട്-1,വയനാട്-1,കണ്ണൂർ-1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്തുനിന്ന് വന്നവരാണ്. 28 പേർ ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്നവരുമാണ്. ഒരാൾ എയർ ഇന്ത്യ സ്റ്റാഫാണ്. മറ്റൊരാൾ ഹെൽത്ത് വർക്കറും. ഇതുവരെ സംസ്ഥാനത്ത് 1,326 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 708 പേർ നിലവിൽ ചികിത്സയിലുണ്ട്. 1,39,661 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലുമായി 1,38,397 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,246 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 68,979 സാമ്പിളുകൾ സംസ്ഥാനത്ത് നിന്നും പരിശോധനയ്ക്ക് അയച്ചു. ഇതിൽ 65,273 എണ്ണത്തിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 13,470 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 13037 സാമ്പിളുകൾ നെഗറ്റീവാണ്.
ഇന്ന് പുതുതായി പാലക്കാട്, കണ്ണൂർ ജില്ലകളിലായി അഞ്ച് ഹോട്ട്സ്പോട്ടുകൾ ഉൾപ്പെടുത്തി. ആകെ 121 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
ഇന്ന് ഒമ്പത് കേരളീയരാണ് വിദേശത്ത് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതുവരെ 210 പേരാണ് വിദേശത്ത് മരിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും കേരളീയർ മരണമടയുന്നു. ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കൾക്ക് കാണാൻ പറ്റാത്ത അവസ്ഥയാണ്. അക്ഷരാർഥത്തിൽ ദുരിതകാലമാണ് നാം പിന്നിടുന്നതെന്നും പ്രിയസഹോദരങ്ങളുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.