News
അഞ്ചൽ ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും പോലിസ് കസ്റ്റഡിയിൽ
കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു. പുനലൂരിൽനിന്നുള്ള പിങ്ക് പോലീസ് സംഘം അടൂർ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഉത്ര വധക്കേസിൽ തെളിവ് നശിപ്പിക്കലിൽ ഇവർക്ക് പങ്കുണ്ടെന്ന സൂചനയെ തുടർന്നാണ് നടപടി. ഇവരുടെ ചോദ്യം ചെയ്യൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഉത്രയുടെ സ്വർണ്ണം വീട്ടുവളപ്പിൽ കുഴിച്ചിട്ടത് അമ്മ രേണുകയുടെ അറിവോടെയെന്നാണ് സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പോലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നത്. അമ്മയും സഹോദരിയുമാണ് യഥാർഥ ഉത്തരവാദികളെന്ന് ഉത്രയുടെ പിതാവും ആരോപിച്ചു.
കഴിഞ്ഞദിവസം സൂരജിന്റെ പറക്കോട്ടെ വീട്ടുവളപ്പിൽ നിന്നും കണ്ടെടുത്ത ഉത്രയുടെ ആഭരണങ്ങൾ അമ്മ മണിമേഖല തിരിച്ചറിഞ്ഞു. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ഉത്രയുടെ അമ്മ സ്വർണ്ണാഭരണങ്ങൾ തിരിച്ചറിഞ്ഞത്. ഉത്രയുടെ കല്യാണ ആൽബവുമായി ഒത്തുനോക്കിയാണ് സ്വർണ്ണം തിരിച്ചറിഞ്ഞത്.
ഉത്രയുടെ മകനും സഹോദരൻ വിഷുവും മണിമേഖലയ്ക്കൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. 38 പവൻ സ്വർണമാണ് കഴിഞ്ഞദിവസം സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വർണം കുഴിച്ചിട്ട വിവരം ഇയാൾ വെളിപ്പെടുത്തിയത്. തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇന്നലെ രാത്രിയോടെയാണ് സുരേന്ദ്രൻ പണിക്കരെ പോലീസ് അറസ്റ്റ് ചെയ്യ്തത്.