പോക്സോ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഒത്തുകളിച്ച സര്‍ക്കാര്‍ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടീസ്
കൊച്ചി : പോക്സോ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ അഭിഭാഷകന് അഡ്വക്കേറ്റ് ജനറൽ കാരണം കാണിക്കല്‍ നോട്ടീസയച്ചു. ഹൈക്കോടതിയിലെ ഗവണ്‍മെന്‍റ് പ്ലീഡര്‍ സികെ പ്രസാദിനാണ് അഡ്വക്കേറ്റ് ജനറല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 90 ദിവസത്തിനകം പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത് മറച്ചു വച്ചാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അഭിഭാഷകന്‍ കൂട്ടുനിന്നത്.
എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് സര്‍ക്കാര്‍ അഭിഭാഷകനും പ്രതി ഭാഗവും ഒത്തുകളിച്ചത്. കുറ്റപത്രം നല്‍കിയ കേസില്‍, പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ഗവണ്‍മെന്‍റ് പ്ലീഡര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഗുരുതര വീഴ്ച വരുത്തിയ ഗവണ്‍മെന്‍റ് പ്ലീഡര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസ് കമ്മീഷണര്‍ എജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം.
സർക്കാർ അഭിഭാഷകനും പ്രതിയുമായുള്ള ഒത്തുകളി പുറത്തറിഞ്ഞതോടെ ജാമ്യം റദ്ദാക്കാനായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിന്‍റെ അപേക്ഷ സ്വീകരിച്ച കോടതി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രതിഭാഗം അഭിഭാഷകനെതിരെ സ്വീകരിക്കേണ്ട നടപടിയെ കുറിച്ചും ഹൈക്കോടതിയും തീരുമാനമെടുക്കും.