താഴത്തങ്ങാടി വീട്ടമ്മയുടെ കൊലക്കേസിലെ പ്രതി പിടിയില്‍
കോട്ടയം : താഴത്തങ്ങാടി വീട്ടമ്മയുടെകൊലക്കേസിലെ പ്രതി പിടിയില്‍. താഴത്തങ്ങാടി സ്വദേശിയും ദമ്പതിമാരുടെ അയൽക്കാരനുമായ മുഹമ്മദ് ബിലാൽ (23) ആണ് അറസ്റ്റിലായത്. പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കുടുംബവുമായി ബന്ധമുള്ള ആളാണ് പ്രതി.
കൊല നടത്തിയത് സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്. തിങ്കളാഴ്ച പുലർച്ചെ പ്രതി സാലിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ആ സമയത്ത് സാലിയും ഷീബയും ഉറങ്ങുകയായിരുന്നതിനാൽ മടങ്ങിപ്പോയി രാവിലെ വീണ്ടും വന്നു.
പരിചയമുള്ള ആളായതിനാൽ ദമ്പതിമാർ വാതിൽ തുറന്നുനൽകി. സ്വീകരണമുറിയിലേക്ക് കടന്ന പ്രതിക്ക് ഷീബ കുടിക്കാൻ വെള്ളവും നൽകി. ഷീബ അടുക്കളയിലേക്ക് പോയ സമയത്താണ് ബിലാൽ സാലിയെ ടീപ്പോയ് കൊണ്ട് തലയ്ക്കടിച്ചത്. ബഹളം കേട്ടെത്തിയ ഷീബയെയും പിന്നാലെ തലയ്ക്കടിച്ചു.
കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണവും പണവും കൈക്കലാക്കി. ഷീബ ധരിച്ചിരുന്ന സ്വർണാഭരണങ്ങളും മോഷ്ടിച്ചു. പിന്നീട് മരണം ഉറപ്പാക്കാനായി ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. തെളിവ് നശിപ്പിക്കാനായാണ് ഗ്യാസ് സിലിണ്ടർ തുറന്നിട്ടത്.
കൃത്യം നടത്തിയ ശേഷം പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. കാർ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിൽ ഒരാൾ മാത്രമാണ് സഞ്ചരിച്ചതെന്നും പോലീസിന് മനസിലായി. ഇതിനിടെ ഇന്ധനം നിറയ്ക്കാനായി കാർ പെട്രോൾ പമ്പിൽ കയറിയ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ പോലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞു.
തിങ്കളാഴ്ച്ച വൈകിട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.