പ്രതിരോധ സെക്രട്ടറിയ്ക്ക് കോവിഡ്; 35 ഉദ്യോഗസ്ഥർ ക്വാറന്റീനിൽ
ന്യൂഡൽഹി : പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി. ഈ സാഹചര്യത്തിൽ ഔദ്യോഗിക യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഉദ്യോഗസ്ഥർ നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്.
മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് ബുധനാഴ്ച ഓഫീസിൽ എത്തിയിട്ടില്ലെന്നാണ് സൂചന. രാജ്നാഥ് സിംങിന് പുറമേ സൈനിക മേധാവി, നാവികസേന മേധാവിയുടേയും ഓഫീസുകൾ ഇതേ ബ്ലോക്കിലാണ്.
കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് കുമാർ. വീട്ടിൽ ക്വാറന്റീനിൽ തുടരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം അജയ് കുമാറിന് രോഗം സ്ഥിരീകരിച്ച വിഷയത്തിൽ പ്രതിരോധ മന്ത്രാലയ വക്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല ആരോഗ്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.