സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കോവിഡ്; 3 മരണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പോസിറ്റീവായതിൽ 47 പേർ വിദേശത്ത് പുറത്തുനിന്നു വന്നവരാണ്. 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര- 23 തമിഴ്നാട് -8, ഡൽഹി 3, ഗുജറാത്ത് -2, രാജസ്ഥാൻ -1) നിന്നുമാണ് എത്തിയത്. 7 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്ന് എത്തിയ മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യർ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മീനാക്ഷിയമ്മാൾ ഇന്നലെയാണ് മരിച്ചത്. ഷബ്നാസും സേവ്യറും രണ്ട് ദിവസം മുമ്പും മരിച്ചു. മരണശേഷമാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. സേവ്യറെ മരണമടഞ്ഞ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. ഷബനാസ് രക്താർബുദ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 14 ആയി.
ഇന്ന് 39 പേർക്ക് കോവിഡ്-19 ഫലം നെഗറ്റീവായി. കാസർകോട്- 12, കണ്ണൂർ-6, വയനാട്-2, കോഴിക്കോട്-10, മലപ്പുറം-8, പാലക്കാട്-7, തൃശ്ശൂർ-4, എറണാകുളം-2, കോട്ടയം-5, പത്തനംതിട്ട-14, ആലപ്പുഴ-8, കൊല്ലം-11, തിരുവനന്തപുരം–5 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്. കണ്ണൂർ-7, വയനാട്-2, കോഴിക്കോട്-5 , മലപ്പുറം-8, പാലക്കാട്-13 ,തൃശ്ശൂർ-2 , എറണാകുളം-2, കോട്ടയം-5 പത്തനംതിട്ട-1 , തിരുവനന്തപുരം- 1 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ വിവരം.
ഇതുവരെ സംസ്ഥാനത്ത് 1588 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 884 പേർ നിലവിൽ ചികിത്സയിലുണ്ട്. 3787 സാമ്പിളുകൾ ഇന്ന് പരിശോധിച്ചു.1,70,065 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലുമായി 1,68,578 പേരാണ് നിരീക്ഷണത്തിലുള്ളത്. 1487 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 76,383 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 72,139 എണ്ണത്തിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18,146 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 15,264 സാമ്പിളുകൾ നെഗറ്റീവാണ്. ആകെ 124 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.