ഹോട്ടലുകളും, മാളുകളും 9 മുതൽ പ്രവർത്തിയ്ക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവ ജൂൺ 9 മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ എട്ടിനു തുറന്ന് സ്ഥാപനം അണുവിമുക്തമാക്കണം ഒൻപത് മുതൽ പൊതുജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങാം.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചായക്കടകൾ, ജൂസ് കടകൾ എന്നിവ ഭക്ഷണപദാർത്ഥങ്ങൾ വിളമ്പുന്ന പാത്രങ്ങൾ നല്ല ചൂട് വെള്ളത്തിൽ കഴുകണം. ഭക്ഷണം വിളമ്പുന്നവർ മാസ്കും കൈയ്യുറയും ധരിക്കണം. എല്ലാ ടേബിളുകളും ഉപഭോക്താവ് പോയ ശേഷം അണുവിമുക്തമാക്കണം. സിറ്റിങ് കപ്പാസിറ്റുയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിയ്ക്കാൻ പാടുള്ളൂ.
മെനു കാർഡുകൾ ഒരാൾ ഉപയോഗിച്ച ശേഷം നശിപ്പിക്കുന്ന രീതിയിൽ ഡിസ്പോസിബിൾ വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കണം. തുണികൊണ്ടുള്ള നാപ്കിനുകൾക്ക് പകരം പേപ്പർ നാപ്കിൻ ഉപയോഗിക്കുക. ഡിജിറ്റൽ മാർഗത്തിലുള്ള പണം കൈമാറ്റം പ്രോത്സാഹിപ്പിക്കണം.
ബുഫേ നടത്തുന്നുവെങ്കിൽ സാമൂഹിക അലകം കൃത്യമായി പാലിക്കണം. മാളുകൾക്കുള്ളിലെ സിനിമാ ഹാളുകൾ അടച്ചിടണം. കുട്ടികളുടെ കളിസ്ഥലങ്ങൾ, ഗെയിം ആർക്കേഡുകൾ എന്നിവ തുറക്കരുത്.
ആളുകൾക്ക് താമസിക്കാനുള്ള ഹോട്ടലുകളിൽ സാനിറ്റൈസർ, താപപരിശോധനാ സംവിധാനങ്ങൾ എന്നിവയുണ്ടായിരിക്കണം. ജീവനക്കാർക്കും ഗസ്റ്റുകൾക്കും രോഗലക്ഷണം ഉണ്ടായിരിക്കരുത്. ജീവനക്കാരും അതിഥികളും ഹോട്ടലിലുള്ള മുഴുവൻ സമയവും മുഖാവരണം നിർബന്ധമായും ധരിച്ചിരിക്കണം.
അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിന് പ്രത്യേക സംവിധാനമുണ്ടായിരിക്കണം. ലിഫ്റ്റിൽ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം, അകലം പാലിക്കണം. എസ്കലേറ്ററുകളിൽ ഒന്നിടവിട്ട പടികളിൽ നിൽക്കണം.
അതിഥികൾ തങ്ങളുടെ യാത്രാചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. കണ്ടെയ്ൻമെന്റ് സോണുകൾ സന്ദർശിക്കരുത്. ലഗേജുകൾ അണുവിമുക്തമാക്കണം.
റൂം സർവീസ് പരമാവധി പ്രോത്സാഹിപ്പിക്കണം. റൂമിന്റെ വാതിൽക്കൽ ആഹാരസാധനങ്ങൾ വെക്കണം, അതിഥികളുടെ കൈയ്യിൽ നേരിട്ട് നൽകരുത്.
എയർകണ്ടീഷണറുകൾ 24-30 ഡിഗ്രിയിൽ പ്രവർത്തിപ്പിക്കണം. പരിസരവും ശൗചാലയവും അണുവിമുക്തമാക്കണം. കുട്ടികളുടെ കളിസ്ഥലങ്ങൾ അടച്ചിടണം.