ജൂണ്‍ 9 മുതല്‍ ആരാധനാലയങ്ങൾ തുറക്കും;ശബരിമലയിൽ ഒരു സമയം 50 പേര് മാത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ആരാധനാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജൂണ്‍ എട്ടിന് ഇവ തുറന്ന് അണുവിമുക്തമാക്കണം. 9 മുതൽ പൊതുജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങാം.
കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ആരാധനാലയങ്ങൾ തുറക്കേണ്ടത്. ആരാധനാലയങ്ങളില്‍ ഒരു സമയത്ത് പരമാവധി 100 പേര്‍ക്ക് മാത്രമാണ് പ്രവേശനമുണ്ടാവുക. 100 ചതുരശ്ര മീറ്ററില്‍ 15 പേര് എന്ന രീതിയിലാണ് ആരാധനാലയങ്ങളില്‍ ആളുകളെ ക്രമീകരിക്കുക. ഇങ്ങനെ പരമാവധി 100 പേര്‍ക്ക് പ്രവേശനമുണ്ടാകും. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴിയാകും ആളുകളെ പ്രവേശിപ്പിക്കുക. ഒരു സമയം 50 പേര്‍ക്ക് മാത്രമാവും ശബരിമലയില്‍ പ്രവേശനമുണ്ടാവുക.
കോവിഡ്-19 ബോധവത്കരണ പോസ്റ്ററുകൾ എല്ലാ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും പ്രദർശിപ്പിക്കണം. ക്യു നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറ മാർഗങ്ങളുണ്ടാകണം. ആരാധനാലയങ്ങളിൽ ആഹാരസാധനങ്ങളും നൈവേദ്യവും അർച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് തത്കാലം ഒഴിവാക്കേണ്ടതുണ്ട്. ഒരു പാത്രത്തിൽനിന്ന് ചന്ദനവും ഭസ്മവും മറ്റും നൽകാൻ പാടില്ല. ചടങ്ങുകളിൽ കരസ്പർശം പാടില്ല. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് സാമൂഹിക അകലനിബന്ധന പാലിച്ചും ഒരു സമയം എത്രപേർ വരണമെന്ന കാര്യത്തിൽ ക്രമീകരണം വരുത്തണം.
കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ
65 വയസിന് മുകളിലുള്ളവർ, 10 വയസിന് താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ ഇവരെല്ലാവരും ആരാധനാലയങ്ങളിൽ പോകാതെ വീടുകളിൽ തന്നെ കഴിയണം.
ആരാധനാലയങ്ങളിൽ എത്തുന്നവരെല്ലാം മാസ്ക് ധരിച്ചിരിക്കണം. അന്നദാനവും മറ്റും ഒഴിവാക്കണം.
ആളുകൾ തമ്മിൽ ആറടി അകലം പാലിക്കണം. കൂട്ടം കൂടാൻ പാടില്ല. മുൻഗണനാ ക്രമത്തിൽ നിശ്ചിത ആളുകൾക്ക് അകത്തേക്ക് പ്രവേശിയ്ക്കാം. പ്രവേശിയ്ക്കും മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
വിഗ്രഹങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും തൊടാൻ പാടില്ല. ഭക്തിഗാനങ്ങളും മറ്റും കൂട്ടായി പാടുന്നത് ഒഴിവാക്കണം.
പൊതുവായ ടാങ്കിലെ വെള്ളം ശരീരം ശുചിയാക്കാൻ ഉപയോഗിക്കരുത്. ഇതിനായി ടാപ്പുകൾ ഉപയോഗിക്കണം.
ചെരിപ്പുകൾ അകത്ത് കടത്തരുത്. നിശ്ചിത അകലത്തിൽ അവ പ്രത്യേകം സൂക്ഷിക്കണം. പായ, വിരിപ്പ് എന്നിവ പ്രാർഥനയ്ക്കെത്തുന്നവർ തന്നെ കൊണ്ടുവരണം.
ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തണം. ഇതിനുള്ള പേന ആരാധനാലയത്തിൽ എത്തുന്നവർ കൊണ്ടുവരണം.
എസികൾ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കിൽ അത് കേന്ദ്ര നിർദ്ദേശപ്രകാരം 24 മുതൽ 30 ഡിഗ്രി വരെ എന്ന രീതിയിൽ താപനില ക്രമീകരിക്കണം.
ചോറൂണ് മുതലായ ചടങ്ങുകൾ ഒഴിവാക്കുന്നതാണ് നല്ലത്. മാമോദീസ നടത്തുന്നുണ്ടെങ്കിൽ അത് കരസ്പർശമില്ലാതെയായിരിക്കണം. പ്രസാദവും തീർത്ഥം തളിക്കുന്നതും ഒഴിവാക്കണം.