24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 9851 കോവിഡ് ബാധിതർ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഒറ്റ ദിവസത്തിനിടെ പതിനായിരത്തിനടുത്ത് പുതിയ രോഗികളും 273 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9851 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്ന് 2,26,770 ആയി. ആകെ മരണം 6348 ആകുകയും ചെയ്തു.1,10,960 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 1,09,462 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
ഇന്ത്യയിലെ കോവിഡ് കേസുകളിൽ അധികവും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 77793 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. 24 മണിക്കൂറിനുള്ളിൽ 2933 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. ഇന്നലെ മാത്രം 123 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 2710 ആയി. 33681 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 27256 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 1384 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 220 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 14902 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 1359 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 25004 ആയി. ആകെ 650 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 44 പേരാണ് മരിച്ചത്. 9898 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.
കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 484 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 18584 ആയി. 33 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1155 ആയി. 12667 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.