പാലായിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം : പാലായിൽ കാണാതായ കോളേജ് വിദ്യാർഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽനിന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകൾ അഞ്ജു പി.ഷാജി(20)യുടെ മൃതദേഹമാണ് മീനച്ചിലാറ്റിൽ നിന്ന് കണ്ടെത്തിയത്. കോളേജിന് മൂന്ന് കിലോമീറ്റർ അകലെ ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തിൽ പൊങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടത്.
കാഞ്ഞിരപ്പള്ളിയിലെ പാരലല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു പരീക്ഷയെഴുതാന്‍ വേണ്ടി ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെത്തിയതായിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയതില്‍ മനംനൊന്താണ് മകള്‍മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. അഞ്ജുവിന്റെ ബാഗും കുടയും ചേർപ്പുങ്കൽ പാലത്തിൽ കണ്ടതിനെത്തുടർന്നാണ് അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും കഴിഞ്ഞദിവസം മുതൽ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയത്.
പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കി ഞാന്‍ പോകുന്നു എന്ന രണ്ട് വരി സന്ദേശം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിന് അയച്ചതിന് ശേഷമാണ് അഞ്ജു ഷാജി മീനച്ചിലാറ്റിൽ ചാടിയത്. കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലൽ കോളേജിൽ ബി.കോം. വിദ്യാർഥിനിയായിരുന്ന അഞ്ജുവിന് ചേർപ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സർവകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതർ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാർഥിനിയെ കാണാതായത്.
എന്നാൽ അഞ്ജു പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നതായാണ് കുടുംബാംഗങ്ങൾ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് നല്ല മാർക്കുണ്ടായിരുന്നു. പെൺകുട്ടി പഠിച്ചിരുന്ന പാരലൽ കോളേജിലെ അധ്യാപകരും ഇത് ശരിവെക്കുന്നു. അതേസമയം, ഹാൾടിക്കറ്റിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാർഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതരുടെ വിശദീകരണം.