രാജ്യത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയില്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണം. എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ ഓഫീസുകളില്‍ നിയന്ത്രണം തുടരും.
രാജ്യത്ത് ഇന്ന് മുതല്‍ ആരാധനാലയങ്ങളും ഹോട്ടലുകളും നിയന്ത്രണങ്ങളോടെ തുറക്കാം. റസ്റ്റോറന്‍റുകളിലും ഫുഡ് കോര്‍ട്ടുകളിലും പകുതി ഇരിപ്പിടങ്ങളില്‍ മാത്രമെ ആളുകളെ അനുവദിക്കൂ. മാളുകളിലെ സിനിമാഹാളുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറക്കില്ല. ഇന്ന് ഹോട്ടലുകൾ തുറന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ട് നാളെ മുതൽ പൊതുജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങാം.
കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം. 65 വയസിന് മുകളില്‍ ഉളളവര്‍ക്കും10 വയസില്‍ താഴെയുളളവര്‍ക്കും പ്രവേശനം ഉണ്ടാകില്ല. മുൻഗണനാക്രമത്തിൽ നിശ്ചിത ആളുകൾക്ക് മാത്രമേ ഒരു സമയം പ്രവേശനം അനുവദിയ്ക്കൂ. പ്രസാദങ്ങളും നിവേദ്യങ്ങളും നൽകിക്കൂടാ. വിഗ്രഹങ്ങളിലോ വിശുദ്ധ പുസ്തകങ്ങളിലോ തൊടരുത്.
രാജ്യം മുഴുവൻ ഇളവുകൾ ബാധകമാണെങ്കിലും, മഹാരാഷ്ട്ര, തമിഴ്നാട് , ഒഡീഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആരാധനാലയങ്ങള്‍ തല്‍ക്കാലം തുറക്കില്ല. പഞ്ചാബില്‍ റസ്റ്ററന്‍റുകള്‍ അടഞ്ഞ് കിടക്കും. ദില്ലിയില്‍ ആരാധനാലയങ്ങളും റസ്റ്ററന്‍റുകളും മാളുകളും തുറക്കും. ഹോട്ടലുകള്‍ക്ക് അനുമതി നല്കിയിട്ടില്ല. ഇളവുകള്‍ക്ക് ശേഷമുള്ള ദേശീയ സാഹചര്യം ഈയാഴ്ച കേന്ദ്രം വിലയിരുത്തും.
അതേ സമയം രാജ്യത്തെ സ്‌കൂളുകള്‍ ഓഗസ്റ്റിനു ശേഷമേ തുറക്കൂ എന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാല്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായാകും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഓഗസ്റ്റ് പതിനഞ്ചിനു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്ന് ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ മാനവശേഷി മന്ത്രി വ്യക്തമാക്കി.