മൂവാറ്റുപുഴയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴ : സഹോദരിയെ പ്രണയിച്ചുവെന്ന കാരണത്തിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ബേസിൽ എൽദോസിനെ പോലീസ് പിടികൂടി. മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തിച്ചു.
കേസിലെ രണ്ടാംപ്രതിയായ കോതമംഗലം സ്വദേശിയായ 17 വയസ്സുകാരനെ പോലീസ് സംഘം ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ 17 വയസ്സുകാരനാണ് ബൈക്ക് ഓടിച്ചിരുന്നത്. മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്നിൽ വച്ചാണ് സഹോദരിയെ പ്രണയിച്ചുവെന്ന കാരണത്തിൽ സുഹൃത്തായ അഖിൽ ശിവനെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചത്. വടിവാൾ കൊണ്ട് വലത് കൈയ്ക്കാണ് വെട്ടിയത്. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി.ആക്രമണത്തിനു ശേഷം ബേസിൽ എൽദോസും രണ്ടാം പ്രതിയായ സുഹൃത്തും ബൈക്കിൽ തന്നെ കടന്നുകളയുകയായിരുന്നു.