News

വിദ്യാർഥിനിയുടെ ആത്മഹത്യ: ബിവിഎം കോളേജിന് ഗുരുതര വീഴ്ചപറ്റിയെന്ന് വി സി

കോട്ടയം : കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിവിഎം കോളേജിന് ഗുരുതര വീഴ്ചപറ്റിയെന്ന് എംജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ്. സംഭവത്തിൽ ബിവിഎം കോളേജ് പ്രിന്‍സിപ്പലിനെതിരെ സര്‍വകലാശാല നടപടിയെടുത്തു. ഇദ്ദേഹത്തെ പരീക്ഷാ ചുമതലയില്‍ നിന്നും ചീഫ് സൂപ്രണ്ട് പദവിയില്‍ നിന്നും മാറ്റിയെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു.

കോപ്പിയടി പിടിച്ചാല്‍ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ പ്രിന്‍സിപ്പിലിന്റെ ഓഫീസില്‍ കൊണ്ടുപോയി വിശദീകരണം തേടുകയും ഉപദേശവും കൗണ്‍സിലും നല്‍കയും വിശദീകരണം എഴുതി വാങ്ങുകയും ചെയ്യണമായിരുന്നു. എന്നാൽ കുറ്റം ആരോപിക്കപ്പെട്ടിട്ടും  അഞ്ജു പരീക്ഷാ ഹാളില്‍ 32 മിനിറ്റ് അധിക സമയം ഇരിക്കേണ്ടി വന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. അത് കുട്ടിയ്ക്ക്  മാനസിക സംഘര്‍ഷത്തിന് ഇടയാക്കിയെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

കോളേജ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തെറ്റാണ്. ഇത് പുറത്തുവിടുന്നതിന് മുന്‍പ് സര്‍വകലാശാലയുടെ അനുമതി തേടേണ്ടതായിരുന്നു, അതുണ്ടായില്ല. പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങൾ രഹസ്യമാക്കി വെക്കേണ്ടതാണ്. അതുപോലെ ക്രമക്കേട് വരുത്തിയ ഹാൾ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളേജ് വിഷയം ഗൗരവത്തിലെടുത്തില്ല. സംഭവം നടന്ന അന്നുവൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയിൽ ബിവിഎം കോളേജ് വൈസ് പ്രിൻസിപ്പൽ റിപ്പോർട്ട് തന്നിരുന്നു. ഹാൾ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോർട്ട് നൽകിയതെന്നും വിസി പറഞ്ഞു.

അഞ്ജുവിന്റെ മരണത്തിൽ ഇടക്കാല റിപ്പോർട്ടാണ് നിലവിൽ സർവകലാശാല പുറത്തിറക്കിയിരിക്കുന്നത്. സംഭവത്തിൽ പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു കുട്ടികളുടെ കൂടി മൊഴിയെടുക്കേണ്ടതുണ്ട്. പരീക്ഷ അവസാനിച്ച ശേഷമായിരിക്കും മൊഴിയെടുക്കുക. പോലീസിന്റെ കൈവശമുളള കുട്ടിയുടെ ഹാൾടിക്കറ്റും സർവകലാശാലയ്ക്ക് പരിശോധിക്കേണ്ടതുണ്ട്. കോപ്പിയടി ആരോപണം സത്യമാണോ എന്നാണ് അന്വേഷിച്ചറിയാനുള്ളത്. അതിന് ആദ്യം കാലിഗ്രാഫി റിപ്പോർട്ട് വരേണ്ടതുണ്ട്. അതിനാണ് കാത്തിരിക്കുന്നത്. തുടർന്നായിരിക്കും മറ്റുനടപടികൾ. ഒരാഴ്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button