24 മണിക്കൂറിനിടെ രാജ്യത്ത് 9996 പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9996 പേർക്ക് കോവിഡ് ബാധിച്ചു. വൈറസ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് ഒറ്റദിവസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,86,576 ആയി. 357 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 8102 ആയി.
രാജ്യത്ത് ചികിത്സയിലുള്ളതിനേക്കാൾ ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. 1,41,029 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,37,448 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള സംസ്ഥാനം. 94041 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനുള്ളിൽ 3254 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ഇന്നലെ മാത്രം 149 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 3438 ആയി. 44517 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 36841 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 1927 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 326 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 19 പേർ ഇന്നലെ മാത്രം മരിച്ചു. 19333 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 1501 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 32810 ആയി. ആകെ 984 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 79 പേരാണ് മരിച്ചത്. 12245 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.
കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 507 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 21521 ആയി. 34 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1347 ആയി. 14735 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.