News
ബസ്ചാർജ്ജ് വർധനവില്ല; ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ
കൊച്ചി : സംസ്ഥാനത്ത് ബസുകൾക്ക് അധിക ചാർജ് ഈടാക്കാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. ലോക്ക്ഡൌൺ സാഹചര്യത്തിൽ കൂട്ടിയ അധിക ബസ് ചാർജ് ഈടാക്കാമെന്നുള്ള ഉത്തരവാണ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത്. ഇതോടെ എട്ട് രൂപ തന്നെയായിരിക്കും തുടർന്നും മിനിമം ചാർജ്.
സ്വകാര്യ ബസ് ഉടമകളാണ് നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ആദ്യ ഘട്ടത്തിൽ ബസ് ചാർജ് നിരക്ക് വർധിപ്പിച്ചിരുന്നു. മുഴുവൻ സീറ്റിലും യാത്രക്കാരെ അനുവദിച്ചതോടെ നിരക്ക് വർധനവ് സർക്കാർ പിൻവലിക്കുകയും ചെയ്തു. വർധിപ്പിച്ച നിരക്ക് തുടരണം എന്നായിരുന്നു ബസ് ഉടമകളുടെ ഹർജി പ്രകാരം ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്വകാര്യ ബസ് ഉടമകൾ മിനിമം ചാർജ് ആയ 8 രൂപയിൽ നിന്ന് 12 രൂപയാക്കി ഉയർത്തിയിരുന്നു.