രാജ്യത്ത് ഒറ്റദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു
ന്യൂഡൽഹി : രാജ്യത്ത് ഇതാദ്യമായി ഒറ്റദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 10,956 പേർക്ക് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 396 മരണവും 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,97,535 ആയി. 8498 പേർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. 1,41,842 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,47,195 പേർക്ക് ഇതിനോടകം രോഗം ഭേദമാകുകയും ചെയ്തു. രാജ്യത്ത് ചികിത്സയിലുള്ളതിനേക്കാൾ ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്.
മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള സംസ്ഥാനം. 97648 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനുള്ളിൽ 3607 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ഇന്നലെ മാത്രം 152 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 3590 ആയി. 46078 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 38716 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 1875 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 349 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 23 പേർ ഇന്നലെ മാത്രം മരിച്ചു. 20705 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 1877 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 34687 ആയി. ആകെ 1085 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 101 പേരാണ് മരിച്ചത്. 12731 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.
കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 511 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 22032 ആയി. 38 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1385 ആയി. 15101 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.