രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ഒരു ദിവസത്തിനിടെ മാത്രം 11458 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 386 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 308993 ആയി. 1,45,779 പേർ നിലവിൽ രാജ്യത്ത് ചികിത്സയിലുണ്ട്. 1,54,330 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യയിൽ എഴുപതിനായിരത്തിന് മുകളിൽ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ബ്രസീലിനും യുഎസിനും പിന്നിലായി രോഗം അതിവേഗം വ്യാപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതേ സമയം ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച രാജ്യങ്ങളിൽ നിലവിൽ നാലാമതാണ് ഇന്ത്യ.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. 101141 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനുള്ളിൽ 3493 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ഇന്നലെ മാത്രം 127 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 3717 ആയി. 47796 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 40698 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 1982 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 367 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 18 പേർ ഇന്നലെ മാത്രം മരിച്ചു. 22047 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 2137 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 36824 ആയി. ആകെ 1214 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 129 പേരാണ് മരിച്ചത്. 13398 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.
കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 495 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 22527 ആയി. 30 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1415 ആയി. 15493 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.