ചാലക്കുടിയില്‍ കഞ്ചാവുമായി യുവതിയും ഡ്രൈവറും പിടിയില്‍
തൃശ്ശൂർ : സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയും കാര്‍ ഡ്രൈവറും ഒരു കിലോയിലധികം കഞ്ചാവുമായി പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ സുധീര്‍ ഷറഫുദ്ദീന്‍ (45) എന്നിവരെ ചാലക്കുടി ബസ് സ്‌റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി പിടികൂടിയത്.
സീരിയലുകള്‍ക്കായി ജൂനിയര്‍ ആര്‍ടിസ്റ്റുമാരെ എര്‍പ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് എളമക്കരയില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു യുവതി. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്‌ഡൗണിന് ഇളവു വന്നതു മുതലെടുത്ത് അന്യ സംസ്‌ഥാനങ്ങളില്‍നിന്നും ലഹരിവസ്‌തുക്കള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് വിവിധ ജില്ലകളില്‍ സംഭരിച്ച് വിതരണം നടത്തുന്നതായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസിന് രഹസ്യസന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനമൊട്ടാകെ ജില്ലാ പോലീസ് മേധാവിമാരുടെയും മറ്റും മേല്‍നോട്ടത്തില്‍ ശക്‌തമായ പരിശോധനകള്‍ നടത്തിവരികയായിരുന്നു.