രാജ്യത്ത് കോവിഡ് മരണം ഒമ്പതിനായിരം കടന്നു
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 11,929 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 311 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 ആയി. മരണം 9195 ആയി. 1,49,348 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,62,379 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. 104568 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനുള്ളിൽ 3427 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ഇന്നലെ മാത്രം 113 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 3830 ആയി. 49346 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 42627 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 1989 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 397 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 39 പേർ ഇന്നലെ മാത്രം മരിച്ചു. 23409 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 2134 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 38958 ആയി. ആകെ 1271 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. 14945 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.
കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 511 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 23038 ആയി. 33 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1448 ആയി. 15883 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അതിവേഗം കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുതിർന്ന മന്ത്രിമാരുടെ ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് ചേർത്തിരുന്നു. നഗര, ജില്ലാ അടിസ്ഥാനത്തിൽ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ കിടക്കകൾ ഉറപ്പാക്കാൻ പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തിന് നിർദേശം നൽകി.