സർക്കാർ ജോലിയ്ക്ക് ഇനിമുതൽ ആധാർ നിർബന്ധം
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഇനി ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പി.എസ്.സി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം. ഇത് നിയമനാധികാരികള്‍ ഉറപ്പുവരുത്തണം. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് പി.എസ്.സി. സെക്രട്ടറി കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ പുതിയ ഉത്തരവ്.
ജോലിയില്‍ പ്രവേശിച്ച് ഇതിനകം സര്‍വീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും പി.എസ്.സി.യിലെ അവരുടെ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം. ആള്‍മാറാട്ടത്തിലൂടെയുള്ള തൊഴില്‍തട്ടിപ്പ് തടയാന്‍ പി.എസ്.സി.യുടെ ഒറ്റത്തവണ പരിശോധന,നിയമനപരിശോധന, ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവ നടത്താന്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയല്‍ നടത്തുന്നുണ്ട്. ഒരുവര്‍ഷംമുമ്പേ ആധാറിനെ തിരിച്ചറിയല്‍ രേഖയാക്കി പി.എസ്.സി. അംഗീകരിച്ചിരുന്നു. പ്രൊഫൈലില്‍ ആധാര്‍ നമ്പർ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു.