News
ശ്രീകാര്യത്ത് പുരുഷന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : ശ്രീകാര്യത്ത് പുരുഷന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ശ്രീകാര്യം ജങ്ഷനോട് ചേര്‍ന്ന സ്വകാര്യ ബാങ്കിന് പിന്‍വശത്ത് രണ്ട് കെട്ടിടങ്ങള്‍ക്കിടയിലാണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാൾക്ക് ഏകദേശം 40 വയസ് പ്രായം വരുമെന്ന് പോലീസ് പറഞ്ഞു.
കൊന്നതിന് ശേഷം കെട്ടിത്തൂക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മുഖത്തും ശരീരത്തിലും മുറിവുകൾ കണ്ടതും കഴുത്തിൽ കയർ മുറുകാത്ത നിലയിൽ കണ്ടതുമാണ് കൊലപാതകമെന്ന് സംശയിക്കാൻ കാരണം. മൃതദേഹം കെട്ടിത്തൂക്കിയ സ്ഥലത്തും ചോരപ്പാടുകളുണ്ട്. ബാങ്കിന് സമീപം കട നടത്തുന്നയാളാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡിനെ എത്തിച്ചും പരിശോധന നടത്തി.