News
ബാങ്കിന്റെ ചില്ലുവാതിലിൽ ഇടിച്ച് ഗ്ലാസ് കുത്തിക്കയറി വീട്ടമ്മ മരിച്ചു.
കൊച്ചി : ബാങ്കിന്റെ ചില്ലുവാതിലിൽ ഇടിച്ച് ഗ്ലാസ് കുത്തിക്കയറി വീട്ടമ്മ മരിച്ചു. കൂവപ്പടി ചേരാനല്ലൂർ സ്വദേശി ബീന(45)യാണ് മരിച്ചത്. പെരുമ്പാവൂർ ബാങ്ക് ഓഫ് ബറോഡയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബാങ്കിനകത്ത് നിന്നും പുറത്തേക്ക് ഓടിയിറങ്ങുന്നതിനിടെ ചില്ല് വാതിലിൽ ശക്തിയായി ഇടിക്കുകയും വാതിൽ തകർന്ന് ചില്ല് ശരീരത്തിലേക്ക് തുളച്ചു കയറുകയുമായിരുന്നു.
ബാങ്കിലേക്കെത്തിയ വീട്ടമ്മ വാഹനത്തിൽ മറന്നുവെച്ച താക്കോൽ എടുക്കുന്നതിനായി തിരികെ വേഗത്തിൽ പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ചില്ല് വാതിലിൽ ശക്തിയായി ഇടിക്കുകയും ചില്ല് പൊട്ടുകയും വയറിനുള്ളിലേക്ക് തുളച്ചു കയറുകയുമായിരുന്നു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.