അതിർത്തിയിലെ വെടിവെപ്പ്: അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി
ന്യൂഡൽഹി : അതിർത്തിയിലെ ചൈനീസ് വെടിവെപ്പിൽ ഒരു കേണലടക്കം മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചീഫ്ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
കിഴക്കൻ ലഡാഖിലെ ഗാല്‍വാന്‍ താഴ്‌വരയിൽ ഇന്നലെ രാത്രിയായിരുന്നു ചൈനയുടെ ആക്രമണം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ച നടന്നുവരുന്നതിനിടെയായിരുന്നു വെടിവയ്യ്പ്പ്. വെടിവെപ്പിൽ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ഏപ്രില്‍ മുതല്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനു ബ്രിഗേഡിയര്‍, കേണല്‍ തലത്തില്‍ ഇന്നലെയും ചര്‍ച്ച നടന്നെങ്കിലും പിന്‍മാറ്റം സംബന്ധിച്ചു ധാരണയായിരുന്നില്ല. 1975-ന് ശേഷം ആദ്യമായാണ് ചൈന-ഇന്ത്യാ സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും.