Top Stories

പാകിസ്ഥാൻ കസ്റ്റഡിയിൽ എടുത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വിട്ടയച്ചു

ന്യൂഡല്‍ഹി പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ കാണാതായ രണ്ട് ഉദ്യോഗസ്ഥരെയും വിട്ടയച്ചു. ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പോലീസ് സ്റ്റേഷനിൽ വെച്ചാണ് ഇരുവരെയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. ഇരുവർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ദില്ലിയിലെ പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച്‌ വരുത്തി ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇവരെ പാകിസ്ഥാന്‍ മോചിപ്പിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷന്റെ വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്തന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ജീവനക്കാരെ കാണാതായി ഏഴുമണിക്കൂറോളം കഴിഞ്ഞാണ് ഇരുവരെയും വാഹനാപകടക്കേസിൽ അറസ്റ്റ് ചെയ്തതായി പാകിസ്താൻ പ്രതികരിച്ചത്.

ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനില്‍ നിയോഗിച്ചിരുന്ന ഒരു ഡ്രൈവറെയും ഒരു  സിഐഎസ്‌എഫ് ജീവനക്കാരനെയും ഇന്നലെ രാവിലെയാണ് കാണാതായത്. എട്ടരയോടെ ജോലി സംബന്ധമായ ആവശ്യത്തിന് പുറത്ത് പോയതായിരുന്നു രണ്ട് പേരും. പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐയുടെ നേരിട്ടുള്ള കസ്റ്റഡിയിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുവരും പാക് കസ്റ്റഡിയിലെന്ന് വ്യക്തമായതോടെ ഇന്ത്യ പാകിസ്ഥാന്‍ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി. രണ്ട് ജീവനക്കാരെയും കസ്റ്റഡിയില്‍ പീഡിപ്പിക്കാതെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ സുരക്ഷ പാക്കിസ്ഥാന്‍റെ ഉത്തരവാദിത്തമാണെന്നും ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞ മാസം മുപ്പത്തിയൊന്നിന് ചാരപ്രവര്‍ത്തനത്തിന്‍റെ പേരില്‍ രണ്ട് പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ദില്ലിയിലെ വിസ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരായിരുന്നു രണ്ട് പേരും. ഇതിനെ തുടർന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രഉദ്യോഗസ്ഥരോട് പാക് അധികൃതരും വിദേശകാര്യമന്ത്രാലയവും വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്നും, ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button