Top Stories
സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം-14, മലപ്പുറം-11, കാസർകോട്-9, തൃശ്ശൂർ-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂർ-4, വയനാട്-3, പത്തനംതിട്ട-1, ആലപ്പുഴ-1 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം ബാധിച്ചവരിൽ 53 പേർ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ. സമ്പർക്കം മൂലം മൂന്നുപേർക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരിൽ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-8, ഡൽഹി-5,തമിഴ്നാട്-4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്.
സംസ്ഥാനത്ത് 90 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. തിരുവനന്തപുരം-10, കൊല്ലം-4, പത്തനംതിട്ട-5, ആലപ്പുഴ-16, കോട്ടയം-3, എറണാകുളം-2, തൃശ്ശൂർ-11, പാലക്കാട്-24, കോഴിക്കോട്-14, കണ്ണൂർ-1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക് .
സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികൾ കോവിഡ് മൂലം മരിച്ചു. രാജ്യത്തിനകത്ത് ഡൽഹി,മുംബൈ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കേരളീയർ കോവിഡ് ബാധിച്ച് മരണമടയുന്ന വാർത്തകളും വരുന്നുണ്ട്. ഇന്ന് ഡൽഹിയിൽ ഒരു മലയാളി നഴ്സ് മരണമടഞ്ഞു.
ഇന്ന് 5,876 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2,697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,25,307 പേർ നിരീക്ഷണത്തിലുണ്ട്. 1,989 പേർ ആശുപത്രികളിലാണ്. 203 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 1,22,466 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 3,019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 33,559 സാമ്പിളുകൾ ശേഖരിച്ചു. 32,300 നെഗറ്റീവായി. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 110 ആയി. ലോക്ക്ഡൗൺ ലഘൂകരിക്കുകയും വിദേശരാജ്യങ്ങളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നുമുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് കേരളം പ്രവേശിച്ചത്. മേയ് നാലുവരെ 3 പേരാണ് മരണമടഞ്ഞത്. ഇപ്പോൾ അത് 20 ആയി വർധിച്ചു. പ്രധാനമായും പുറമേനിന്ന് വന്ന പ്രായാധിക്യമുള്ള മറ്റ് രോഗങ്ങളുള്ളവരാണ് മരണമടഞ്ഞത്.
ഇതുവരെയുള്ള നമ്മുടെ ഇടപെടലുകൾ ഫലപ്രദമായതിന് പ്രധാനമായി മൂന്നു കാരണങ്ങളാണുള്ളത്. ഒന്നാമത്തത് ശാരീരിക അകലം പാലിക്കൽ, മാസ്ക് ശീലമാക്കിയത്, 2- സമ്പക്ക വിലക്ക് ശാസ്ത്രീയമായി നടപ്പാക്കാനായി. 3- റിവേഴ്സ് ക്വാറന്റൈൻ. ഇവ മൂന്നും തുടർന്നും പഴുതുകളില്ലാതെ നടപ്പാക്കാനാവണം. അതു കഴിഞ്ഞാൽ രോഗബാധയെ പിടിച്ചുനിർത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.