സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു
തൃശ്ശൂർ : സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ കൊടുത്തപ്പോഴുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. തുടർന്ന് അദ്ദേഹം തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു വ്യാഴാഴ്ച രാത്രി പത്തരയോടെ മരണം സംഭവിച്ചത്.
ചോക്ലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി എത്തിയ സച്ചി ‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയത്. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, രാംലീല, ഷെര്‍ലക് ടോംസ് എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ് സച്ചി.
കെ ആര് സച്ചിദാനന്ദന് എന്നാണ് സച്ചിയുടെ മുഴുവന്‍ പേര്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളര്‍ന്നത്. കോളേജ് പഠനകാലത്ത് കോളേജ് ഫിലിം സൊസൈറ്റിയിലും നാടകത്തിലും സച്ചി സജീവമായിരുന്നു. നിരവധി നാടകങ്ങളുടെ സംവിധാനവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. കൊമേഴ്സിൽ ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയിൽ എട്ട് വർഷത്തോളം ക്രിമിനൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.